ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്നും വിചാരണ നീണ്ടുപോകുകയാണെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി നിര്‍ദേശം നല്‍കി. പള്‍സര്‍ സുനിക്ക് എതിരെയുള്ളത് ഗുരുതര കുറ്റങ്ങളാണെന്നും അന്വേഷണം നടക്കുമ്പോള്‍ ഇടപെടുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയത്. സര്‍ക്കാര്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തിരുന്നു.
കുറ്റകൃത്യങ്ങളില്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് പള്‍സര്‍ സുനിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. കേസില്‍ താനൊഴികെയുള്ള എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. തുടരന്വേഷണം നടക്കുന്നതിനാല്‍ കേസുമായി ബന്ധപ്പെട്ട നടപടികള്‍ അനന്തമായി നീണ്ടേക്കും. സമീപകാലത്തൊന്നും വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാദ്ധ്യതയില്ലെന്നും തനിക്ക് ജാമ്യം നല്‍കണമെന്നുമായിരുന്നു സുനിയുടെ ആവശ്യം.