പത്തനംതിട്ട : പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയില്‍ കുമ്പഴയിലെ റോഡ് നിര്‍മ്മാണം തടസ്സപ്പെട്ടു. റോഡിന് ഉയരം കൂടുന്നതിനാല്‍ ജങ്ങ്ഷനിലെ ചില കെട്ടിടങ്ങള്‍ കുഴിയിലാകുമെന്നുമാണ് ഉടമകളുടെ വാദം. ഓടയുടെ പണി തുടങ്ങിയിരുന്നുവെങ്കിലും ഇവര്‍ ഇടപെട്ട് പണി നിര്‍ത്തിച്ചു. ഇതേതുടര്‍ന്ന് കരാറുകാര്‍ പണിസാധനങ്ങളുമായി പോയി. കഴിഞ്ഞ മൂന്നുദിവസമായി ഇവിടെ പണിയില്ല. റോഡിന്റെ ഒരുഭാഗം വെട്ടിപ്പൊളിച്ച് ഇട്ടിരിക്കുന്നതിനാല്‍ വ്യാപാരികള്‍ക്കും ബുദ്ധിമുട്ടായി. ചെളിയില്‍ക്കൂടി നീന്തിവേണം കടകളില്‍ കയറുവാന്‍.
റാന്നി റോഡില്‍ എം.ഡി.എല്‍.പി സ്കൂള്‍ മുതല്‍ കോന്നി റോഡിലെ ഫെഡറല്‍ ബാങ്ക് വരെ ഒരേ ലെവലിലാണ് റോഡ് പണിയാന്‍ പ്ലാന്‍ തയ്യാറാക്കിയത്. ഇതനുസരിച്ച് റാന്നി റോഡില്‍ സ്കൂളിന്റെ സമീപം ഓട നിര്‍മ്മിക്കുകയും ചെയ്തു. ഇവിടെ നിലവിലുള്ള റോഡ് ലെവലില്‍ നിന്നും രണ്ടര അടി ഉയര്‍ന്നാണ് ഓടയുടെ നിര്‍മ്മാണം. റോഡ് പണി പൂര്‍ത്തിയാകുമ്പോള്‍ ഇവിടെയുള്ള കടകള്‍ റോഡ് നിരപ്പില്‍ നിന്നും രണ്ടര അടി താഴ്ന്ന് ഇരിക്കും. ഇതേ ലെവലില്‍ കുമ്പഴ ജങ്ങ്ഷന്‍ കടന്ന് ഫെഡറല്‍ ബാങ്ക് വരെ റോഡ് ഒരേ ലെവലില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. റോഡ് നിര്‍മ്മിക്കുന്നത് ഒരേ ലെവലില്‍ അല്ലെങ്കില്‍ ഇത് അപകടങ്ങള്‍ക്കും കാരണമാകും.
കുമ്പഴ ജങ്ങ്ഷനില്‍ റോഡിന്റെ ഒരു സൈഡില്‍ ഓട നിര്‍മ്മാണം ആരംഭിച്ചിരുന്നു. കെ.എസ്.ടി.പി ഏറ്റെടുത്ത സ്ഥലം ലെവലാക്കി മുന്‍കൂട്ടി നിര്‍മ്മിച്ച ഓടയുടെ ഭാഗങ്ങള്‍ കൊണ്ടുവന്നു സ്ഥാപിച്ചപ്പോഴാണ് ചില കെട്ടിട ഉടമകര്‍ തടസ്സം ഉന്നയിച്ചത്. ഇതേ തുടര്‍ന്ന് പണി ഉപേക്ഷിച്ച് തൊഴിലാളികള്‍ പോയി. ഓടക്കുവേണ്ടി സ്ഥാപിച്ച കോണ്ക്രീറ്റ് ബ്ലോക്കുകള്‍ അവിടെനിന്നും ഇളക്കിമാറ്റി. പഴയ ലെവല്‍ തിരിച്ചറിയാന്‍ ഒരു ബ്ലോക്ക് മാത്രം അവിടെ വെച്ചിട്ടുണ്ട്.
ആരോഗ്യ വകുപ്പ് മന്ത്രിയും ആറന്മുള എം.എല്‍.എ യുമായ വീണാ ജോര്‍ജ്ജിന്റെ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടായെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കരാറുകാരുടെ ജീവനക്കാരും ഇക്കാര്യം സ്ഥിരീകരിച്ചതായാണ് വിവരം. ഇതോടെ നിലവില്‍ കെ.എസ്.ടി.പി അംഗീകരിച്ച പ്ലാനും പദ്ധതിയും കുമ്പഴയില്‍ മാറും. പ്ലാന്‍ അനുസരിച്ചുള്ള ലെവലില്‍ നിന്നും റോഡിന്റെ ഉയരം കുറയ്ക്കുവാനുള്ള നടപടിക്കാണ് നീക്കം. റോഡിന്റെ ഘടനയിലുള്ള മാറ്റം അപകടങ്ങള്‍ക്ക് കാരണമാകുമെന്നും ഈ ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെടുവാനുള്ള സാധ്യതയുണ്ടെന്നും വ്യാപാരികള്‍ പറയുന്നു.
കോടികള്‍ ചെലവഴിച്ചു പണിയുന്ന പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയുടെ പ്ലാനും പദ്ധതിയും താല്‍ക്കാലിക ലാഭത്തിനുവേണ്ടിയും ചില സങ്കുചിത താല്‍പ്പര്യക്കാരുടെ ഇംഗിതത്തിനുവേണ്ടിയും മാറ്റിമറിക്കുന്നത് നീതീകരിക്കത്തക്കതല്ല. പതിറ്റാണ്ടുകള്‍ കാത്തിരുന്നതിനുശേഷമാണ് ഹൈവേ യാഥാര്‍ഥ്യമാകുന്നത്. പല സ്ഥലത്തും യഥാര്‍ഥ പ്ലാന്‍ അട്ടിമറിച്ചുകൊണ്ടാണ് പണി നടക്കുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്. ചില സ്ഥലങ്ങളില്‍ റോഡിന് വേണ്ടത്ര വീതിയില്ലെന്ന് പ്രഥമദൃഷ്ട്യാ ആര്‍ക്കും ബോധ്യമാകും. റോഡിന്റെ ഉയരം കുറക്കുമ്പോഴും കുപ്പിക്കഴുത്ത് പോലെ റോഡ് പണിയുമ്പോഴും ലാഭം കരാറുകാരനാണ്. ഇതിന്റെ പിന്നില്‍ വന്‍ അഴിമതിയുണ്ടോയെന്നും സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയുടെ നിര്‍മ്മാണത്തിലെ അഴിമതികള്‍ക്കെതിരെ വിജിലന്‍സിന് പരാതി നല്‍കുവാന്‍ ഒരുങ്ങുകയാണ് ചിലര്‍. പാലാരിവട്ടം പോലെ ഇത് ഭാവിയില്‍ വലിയ വിവാദമാകുമെന്ന് ഉറപ്പാണ്.