പത്തനംതിട്ട : പുനലൂര്‍ – മുവാറ്റുപുഴ ഹൈവേയുടെ പണികളില്‍ ഗുരുതര ക്രമക്കേടുകളും അഴിമതിയുമുണ്ടെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ സുരേഷ് കുമാര്‍ ആരോപിച്ചു. മുന്‍ നിശ്ചയിച്ച പ്ലാനും അലൈന്മെന്റും പലയിടത്തും മാറ്റിമറിച്ചു. കോടികള്‍ ചെലവാക്കി നിര്‍മ്മാണം പൂര്‍ത്തിയാകുന്ന പാതയില്‍ നിരവധി അപകട മേഖലകള്‍ ഉണ്ടാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. റോഡിന്റെ ഇരുവശത്തുമുള്ള ഓടകള്‍ നിര്‍മ്മിക്കുന്നത് അശാസ്ത്രീയമായാണ്. മിക്കഭാഗത്തും മലിനജലം കെട്ടിക്കിടന്ന് കൊതുകുകള്‍ പെരുകുവാനുള്ള സാധ്യതയുണ്ട്.
പത്തനംതിട്ട നഗരസഭയിലെ കുമ്പഴയില്‍കൂടി കടന്നുപോകുന്ന പാതയില്‍ പ്രകടമായ വ്യത്യാസം വരുത്തിക്കഴിഞ്ഞു. യഥാര്‍ഥ പ്ലാനില്‍ നിന്നും രണ്ടര അടിയോളം പാതയുടെ ഉയരം കുറച്ചു. ഇത് വെള്ളക്കെട്ടിനും അപകടങ്ങള്‍ക്കും വഴിയൊരുക്കും. പാതയുടെ ഉയരം കുറക്കുന്നതോടെ നിര്‍മ്മാണത്തില്‍ ലക്ഷങ്ങളുടെ ലാഭമുണ്ടാകും. അതിനാല്‍ കരാറുകാരന് ഇത് ഏറെ ഗുണകരമാണ്. കുമ്പഴ എം.ഡി.എല്‍.പി സ്കൂള്‍ മുതല്‍ ഫെഡറല്‍ ബാങ്ക് വരെ ഒരേ നിരപ്പില്‍ പണിയേണ്ട പാതയുടെ നിര്‍മ്മാണം പാടേ അട്ടിമറിച്ചിരിക്കുകയാണ്. ചില സ്വകാര്യ വ്യക്തികളുടെ താല്‍ക്കാലിക നേട്ടത്തിനുവേണ്ടിയാണ് പ്ലാനും പദ്ധതിയും മാറ്റിമറിച്ചത്. ആറന്മുള എം.എല്‍.എയുടെ ഇടപെടലും ഇക്കാര്യത്തില്‍ ഉണ്ടായെന്ന് സംശയിക്കുന്നതായി എ.സുരേഷ് കുമാര്‍ പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് പാതയുടെ പണിയെക്കുറിച്ചും പ്ലാനിനെക്കുറിച്ചും വ്യക്തമായി ധാരണയില്ലാത്തത് മുതലെടുത്തുകൊണ്ടാണ് നിര്‍മ്മാണം അട്ടിമറിക്കുന്നത്. രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകുന്നിടത്ത് ഓടയുടെയും പാതയുടെയും ഉയരം കുറച്ച് വേണ്ടപ്പെട്ടവരെ സംരക്ഷിക്കുന്ന നടപടിയാണ് കണ്ടുവരുന്നത്. റോഡിന്റെ യഥാര്‍ഥ വീതി പലസ്ഥലത്തും കാണുന്നില്ല. കിഴവള്ളൂരിലെ പാലം പണിക്കുവേണ്ടി കോന്നി റോഡ് പൂര്‍ണ്ണമായി അടച്ചിട്ടിട്ട് മാസങ്ങള്‍ പലതു കഴിഞ്ഞു. ജനങ്ങളെ ബന്ധികളാക്കിയാണ് റോഡ് പണി നടത്തുന്നത്.
കിഴവള്ളൂര്‍ ഭാഗത്തും റോഡ് നിര്‍മ്മാണത്തില്‍ വന്‍ ക്രമക്കേടുകളാണ് നടക്കുന്നത്. എത്രയുംവേഗം കോന്നി റോഡ് തുറന്നു നല്‍കി ഗതാഗതം ഭാഗികമായെങ്കിലും പുനസ്ഥാപിക്കണം. പാതയുടെ നിര്‍മ്മാണവും ഒച്ചിഴയുന്ന വേഗത്തിലാണ് നടക്കുന്നത്. ജനങ്ങളെ വിഡ്ഢികളാക്കി പാത നിര്‍മ്മാണവുമായി കെ.എസ്.ടി.പി മുമ്പോട്ടുപോയാല്‍ അതിനെ നിയമപരമായി നേരിടുമെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനുശേഷം പൂര്‍ത്തിയാകുന്ന പാത ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ കാണുന്നത്. എന്നാല്‍ ഇത് അഴിമതി പാതയാകുന്നത് അംഗീകരിക്കുവാന്‍ കഴിയില്ല. മിക്ക സ്ഥലത്തും തര്‍ക്കങ്ങളും പ്രശ്നങ്ങളുമുണ്ട്. നിലവാരമില്ലാതെ പണി പൂര്‍ത്തിയാകുന്ന പാത ഗുണത്തെക്കാള്‍ ഏറെ ദോഷമായിരിക്കും ഉണ്ടാക്കുക. കെ.എസ്.ടി.പി ഏറ്റെടുത്ത സ്ഥലം കയ്യേറിയിട്ടുണ്ടെങ്കില്‍ എന്തുവിലകൊടുത്തും അത് ഒഴിപ്പിച്ച് ഹൈവേയുടെ ഭാഗമാക്കണം. ഇക്കാര്യത്തില്‍ ഒരുവിട്ടുവീഴ്ചയും ഉണ്ടാകാന്‍ പാടില്ല. ഭാവിയിലെ വാഹനത്തിരക്ക് ഉള്‍ക്കൊള്ളുവാന്‍ ഈ പാതയ്ക്ക് കഴിയില്ലെന്നു വ്യക്തമാണ്. അതിനാല്‍ ഏറ്റെടുത്ത ഭൂമി പൂര്‍ണ്ണമായും പാതയ്ക്ക് ഉപയോഗിക്കണമെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
പുനലൂര്‍ – മുവാറ്റുപുഴ ഹൈവേയുടെ രണ്ടാം ഘട്ട പണികളില്‍ വ്യാപകമായ ക്രമക്കേടുകളും അഴിമതി ആരോപണങ്ങളും ഉയര്‍ന്നുകഴിഞ്ഞ സ്ഥിതിക്ക് പാതയുടെ നിര്‍മ്മാണം വിജിലന്‍സ് അന്വേഷണം നടത്തണമെന്നും മുന്‍ നിശ്ചയിച്ച പ്ലാനും പദ്ധതിയും അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അഡ്വ.എ.സുരേഷ് കുമാര്‍ ആവശ്യപ്പെട്ടു.