പത്തനംതിട്ട : കോടികള്‍ വെട്ടിവിഴുങ്ങിയ പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയില്‍ പലയിടത്തും യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ആവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കിയിട്ടില്ല. ഉദ്യോഗസ്ഥ – രാഷ്ട്രീയ – കരാറുകാര്‍ തമ്മിലുള്ള അവിശുദ്ധ ബന്ധം ഈ ഹൈവേയുടെ നിര്‍മ്മാണവേളയില്‍ പലപ്പോഴും ഉയര്‍ന്നുവന്നിട്ടുണ്ട്. എം.പിയും എം.എല്‍.എയും പരസ്പരം മത്സരിച്ച് പല സ്ഥലത്തും വെയിറ്റിംഗ് ഷെഡുകള്‍ പണിതിട്ടുണ്ട്. ഇത് കരാറുകാരനെ സഹായിക്കുവാനായിരുന്നു എന്നത് ജനങ്ങളറിഞ്ഞിട്ടില്ല. പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയില്‍, തിരുവല്ല – കുമ്പഴ റോഡ് സംഗമിക്കുന്ന തിരക്കേറിയ ജംഗ്ഷനാണ് കുമ്പഴ. തന്നെയുമല്ല പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയുടെ പത്തനംതിട്ടയിലേക്കുള്ള പ്രവേശന കവാടവും കുമ്പഴയാണ്. തിരക്കേറിയ ഈ ജംഗ്ഷനില്‍ വെയിറ്റിംഗ് ഷെഡ് കളോ ട്രാഫിക് സിഗ്നല്‍ ലൈറ്റുകളോ ഇതുവരെ കെ.എസ്.ടി.പി സ്ഥാപിച്ചിട്ടില്ല. തെരുവുവിളക്കുകള്‍ പോലും ഇവിടെ പേരിനുമാത്രം സ്ഥാപിച്ച് കരാറുകാരന്‍ തടിയൂരി. വടിച്ചുനക്കിയ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കൂട്ടിനുണ്ടെങ്കില്‍ കരാറുകാരന് ആരെയും ഭയക്കേണ്ടതില്ല. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്.
ആറന്മുള മണ്ഡലത്തിലെ എം.എല്‍.എ യാണ് കേരളത്തിന്റെ ആരോഗ്യമന്ത്രികൂടിയായ വീണാ ജോര്‍ജ്ജ്. ഇവരുടെ ജന്മനാട്ടിലാണ് ജനങ്ങള്‍ക്ക് ഈ ദുരിതം. കുമ്പഴ ജംഗ്ഷനില്‍ നിന്നും വെറും ഒരു കിലോമീറ്റര്‍ മാത്രം ദൂരത്തിലാണ് വീണേച്ചിയുടെ സ്വന്തം വീട്. എന്നിട്ടും ആറന്മുള എം.എല്‍.എ യുടെ പേരും ചിത്രങ്ങളും വെച്ച ഒരു വെയിറ്റിംഗ് ഷെഡ് പോലും കുമ്പഴയില്‍ ഇല്ല. കുമ്പഴയില്‍ രണ്ടു വെയിറ്റിംഗ് ഷെഡ് കള്‍ പണിയാന്‍ കെ.എസ്.ടി.പിയോട് അനുവാദം ചോദിച്ചിരുന്നുവെന്നും അവര്‍ അനുവാദം തന്നില്ലെന്നും ആന്റോ ആന്റണി എം.പി പറയുന്നു. ഇതില്‍ എത്രമാത്രം സത്യമുണ്ട് എന്നത് ജനങ്ങള്‍ ചോദിച്ചറിയണം. പത്തനംതിട്ട നഗരസഭയില്‍ കുമ്പഴയെ പ്രതിനിധീകരിക്കുന്ന കൌണ്‍സിലര്‍മാര്‍ എല്ലാവരും പൂര്‍ണ്ണമായും നിശബ്ദമാണ്. നഗരസഭയും തികഞ്ഞ മൌനം പാലിക്കുകയാണ്.
കോന്നി റോഡില്‍ വെയിറ്റിംഗ് ഷെഡ് നിര്‍മ്മിക്കാന്‍ തടസ്സം നില്‍ക്കുന്നത് രാഷ്ട്രീയ പിന്‍ബലമുള്ള ഒരു കെട്ടിട ഉടമയാണ്. വെയിറ്റിംഗ് ഷെഡ് വന്നാല്‍ തന്റെ കെട്ടിടം മറയുമെന്നാണ് ഇദ്ദേഹത്തിന്റെ വാദം. മുമ്പ് നഗരസഭ ബസ്സ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ സ്ഥാപിച്ചപ്പോഴും ഇദ്ദേഹം പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. റാന്നി റോഡില്‍ തടസ്സം നില്‍ക്കുന്നത് ഒരു വ്യാപാരിയാണ്. വാടകയ്ക്ക് എടുത്തത് കടമുറി മാത്രമാണെങ്കിലും തന്റെ മുമ്പിലുള്ള ഹൈവേയും തന്റെ അധീനതയില്‍ ആക്കിയിരിക്കുകയാണ് ഇയാള്‍. എല്ലാവരും തമ്മിലുള്ള അന്തര്‍ധാര സജീവമാണ്. ഇത് തുടരുന്നിടത്തോളം കുമ്പഴയില്‍ വെയിറ്റിംഗ് ഷെഡ് ആരും പണിയില്ല. വീണേച്ചി കണ്ണടക്കും, ആന്റോച്ചായന്‍ കണ്ടില്ലെന്നു നടിക്കും, തങ്ങള്‍ക്കിതില്‍ റോളില്ലെന്ന് നഗരസഭയും ചെയര്‍മാനും ആണയിട്ടു പറയും, രാഷ്ട്രീയക്കാര്‍ വഴിമാറി സഞ്ചരിക്കും. വിവരമില്ലാത്ത ജനം കൊടിപിടിച്ച് തൊണ്ട പൊട്ടുമാറ് വീണ്ടും കീജെയ് വിളിക്കും>>> തുടരും…..