റാന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നവീകരണത്തിന് ശേഷം അപകടങ്ങൾ തുടര്‍ക്കഥയായി മാറുന്നു. ഇന്ന് രാവിലെ കാര്‍ ചെല്ലയ്ക്കാട് ക്രാഷ്ബാരിയറില്‍ ഇടിച്ചു കയറിയതാണ് അവസാന സംഭവം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. മന്ദമരുതി ടൗണിനും ജില്ലാ അതിര്‍ത്തിയായ പ്ലാച്ചേരിക്കും ഇടയിലായാണ് അപകടങ്ങൾ കൂടുതലും. ഒരു വർഷത്തിനിടയിൽ ചെറുതും വലുതുമായ അൻപതിൽപരം അപകടങ്ങൾ ഇവിടെ നടന്നെന്നാണ് നാട്ടുകാർ പറയുന്നത്. അമിത വേഗതയാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാവുന്നത്. റോഡ് ഉന്നത നിലവാരത്തിൽ പണികഴിപ്പിച്ച ശേഷം നിരപ്പായ സ്ഥലത്തു യാതൊരു നിയന്ത്രണവുമില്ലാതെ വാഹനങ്ങൾ ചീറിപ്പായുന്നതാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാവുന്നത്.
കൂടാതെ മുന്‍ കാലങ്ങളിൽ ഉണ്ടായിരുന്നതിലും കൂടുതല്‍ വാഹനങ്ങളുടെ തിരക്ക് വര്‍ദ്ധിച്ചതും ഈ റോഡിൽ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. കൃത്യമായ അപകട സൂചനകളോ നിയന്ത്രണത്തിനായി സ്പീഡ് ബ്രേക്കറുകളോ ഇവിടെ സ്ഥാപിച്ചിട്ടില്ല. മാസങ്ങൾക്ക് മുമ്പ് നടന്ന അപകടം ഒരു ചെറുപ്പക്കാരന്റെ മരണത്തിനും ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയെ മറികടന്നെത്തിയ ടിപ്പര്‍ ഇടിച്ചുതു മൂലം മന്ദമരുതിക്കു സമീപം ഓട്ടോറിക്ഷ നടുറോഡില്‍ മറിഞ്ഞു രണ്ടു പേര്‍ക്ക് പരിക്കു പറ്റിയിരുന്നു. വലിയകാവ് സ്വദേശി തച്ചനാലില്‍ സാജന്‍, ഭാര്യ അമ്പിളി എന്നിവരാണ് അന്ന് അപകടത്തില്‍ പെട്ടത്.