കോന്നി : കേരള ഗതാഗത പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന പൊൻകുന്നം-പുനലൂർ റോഡിന്റെ മൂന്നാമത്തെ റീച്ച് പണികൾ അവസാന ഘട്ടത്തിൽ. പ്ലാച്ചേരിമുതൽ പൊൻകുന്നം വരെയുള്ള 22 കിലോമീറ്റർ ദൂരം സെപ്റ്റംബർ 15 ഓടെ ഉദ്ഘാടനം ചെയ്യും. നിർമാണം പൂർത്തിയാക്കാൻ മൂന്നുമാസംകൂടി കാലാവധി ഉണ്ട്. സമയപരിധിക്ക് മുൻപായിട്ടാണ് റോഡ് പണി പൂർത്തിയായത്.
തിരുവനന്തപുരം ധന്യാ കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ എടുത്തിരുന്നത്. 227 കോടി രൂപയ്ക്കാണ് കരാർ നൽകിയത്. രണ്ട് ലൈൻ ഗതാഗതമാണ്. പ്ലാച്ചേരിയിൽനിന്ന് മണിമല, പഴയിടം, ചെറുവള്ളി, ചിറക്കടവ് വഴിയാണ് റോഡ് പൊൻകുന്നത്ത് എത്തുന്നത്. മൂലേപ്ലാവ് പാലം പുതുക്കി നിർമിച്ചു. 62 കലുങ്കുകൾ പണിതിട്ടുണ്ട്. 14 കിലോമീറ്റർ ഓടകൾ നിർമിച്ചു. 16 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉണ്ട്. അപകടം ഒഴിവാക്കാൻ ക്രാഷ് ബാരിയറുകളുണ്ട്.
14 മുതൽ 15 മീറ്റർ വരെയാണ് റോഡിന്റെ വീതി. ബി.എം ആൻഡ് ബി.സി ടാറിങ് ആണ് നടത്തിയിരിക്കുന്നത്. മണിമല ജങ്ഷനിലും പൊൻകുന്നത്തും റോഡ് നിർമാണത്തിന്റെ ഭാഗമായി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. 258 തെരുവുവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. മൂവാറ്റുപുഴ-പുനലൂർ റോഡിന്റെ ഭാഗമാണിത്. രണ്ടാം റീച്ചായ പ്ലാച്ചേരി-കോന്നി റോഡിന്റെ പണികൾ പൂർത്തിയായിട്ടില്ല. ഒന്നാം റീച്ചായ കോന്നി-പുനലൂർ വൈകിയാണ് നിർമാണം ആരംഭിച്ചത്.
2005 ലാണ് പൊൻകുന്നം-പുനലൂർ കെ.എസ്.റ്റി.പി റോഡിന് നാറ്റ്പാക് പഠന റിപ്പോർട്ട് നൽകുന്നത്. രണ്ടാം ഘട്ടത്തിലാണ് ലോക ബാങ്കിന്റെ സഹായം കിട്ടിയത്. 2019 ഓഗസ്റ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആണ് റോഡ് നിർമാണത്തിന്റെ ഉദ്ഘാടനം കോന്നിയിൽ നിർവഹിച്ചത്. 16 വർഷത്തിന്ശേഷമാണ് പുനലൂർ-പൊൻകുന്നം റോഡിന്റെ ഒരു റീച്ച് ഗതാഗതത്തിന് തുറന്നുകൊടുക്കുന്നത്.