പൂണെ: നാലുപേരുടെ ജീവനെടുത്ത പൂണെ മിനിബസ് തീപിടുത്തം അപകടമല്ലെന്നും ആസൂത്രിത കൊലപാതകമായിരുന്നുവെന്നും പോലീസ് കണ്ടെത്തൽ. ഡ്രൈവർ മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൃത്യമാണിതെന്ന് പൂണെ പോലീസ് വ്യക്തമാക്കി. പൂണെയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ നാല് ജീവനക്കാരാണ് കമ്പനിയുടെ ബസ്സിന് തീപിടിച്ച് വെന്തുമരിച്ചത്. നിരന്തരമായ ചോദ്യം ചെയ്യലുകൾക്കൊടുവിലാണ് പ്രതിയായ ഡ്രൈവർ കുറ്റം സമ്മതിച്ചതെന്ന് റിപ്പോർട്ടുകൾ. ബെൻസീൻ ലായനിയും തീപ്പെട്ടിയും ഉപയോഗിച്ചാണ് ഡ്രൈവർ ബസ് അഗ്നിക്കിരയാക്കിയത്. തീ പടർന്നതോടെ ഇയാൾ ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് എടുത്തുചാടി. 200 മീറ്ററോളം മുന്നോട്ട് നീങ്ങിയ വാഹനം ഒരു മരത്തിൽ ഇടിച്ചാണ് നിന്നത്. മിനിബസിൽ യാത്ര ചെയ്യുന്ന ഓഫീസ് ജീവനക്കാരിൽ നിന്ന് തുടർച്ചയായി ഉണ്ടാകുന്ന മോശം പെരുമാറ്റത്തെ തുടർന്നാണ് ഇത്തരമൊരു കൃത്യത്തിലേക്ക് നീങ്ങിയതെന്ന് പ്രതി മൊഴി നൽകിയതായാണ് വിവരം.
പൂണെയിലെ ഹിഞ്ചേവാഡി പ്രദേശത്ത് ബുധനാഴ്ച രാവിലെ 7:45 ഓടെയായിരുന്നു സംഭവം. ഒരു ഗ്രാഫിക്സ് ഡിസൈൻ സ്റ്റാർട്ടപ്പിലെ ജീവനക്കാർ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലറിന് ഓഫീസിലേക്കുള്ള യാത്രാമധ്യേ തീപിടിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ഡ്രൈവറുടെ പരസ്പരവിരുദ്ധമായ മൊഴികൾ സംശയമുളവാക്കി. പിന്നീട് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് കൊലപാതകമാണെന്ന് ബോധ്യമായത്. ശങ്കർ ഷിൻഡെ (63), രാജൻ ചവാൻ (42), ഗുരുദാസ് ലോകരെ (45), സുഭാഷ് ഭോസാലെ (44) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവസമയത്ത് മിനിബസിൽ 14 ജീവനക്കാരാണ് ഉണ്ടായിരുന്നത്. മുൻവശത്ത് ഇരുന്നിരുന്ന പത്ത് പേർക്ക് രക്ഷപ്പെടാൻ സാധിച്ചു. വാഹനത്തിന്റെ പിൻഭാഗത്തുണ്ടായിരുന്നവർ തീയിൽ കുടുങ്ങി.