ചണ്ഡീഗഡ്: പഞ്ചാബില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയം മാറ്റി. രാവിലെ 7:30 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ് സര്‍ക്കാര്‍ ഓഫീസുകളുടെ പുതിയ പ്രവര്‍ത്തന സമയം. പുതിയ സമയം ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ഈ നീക്കം വൈദ്യുതി ലാഭിക്കുക മാത്രമല്ല, മറ്റ് പല നേട്ടങ്ങളും ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു. പുതിയ ഷെഡ്യൂള്‍ പ്രകാരം പഞ്ചാബിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഉച്ചഭക്ഷണ ഇടവേള ഉണ്ടാകില്ല.
വൈദ്യുതി ചെലവുകള്‍ ചുരുക്കാനും ഉല്‍പാദനക്ഷമത കൂട്ടാനുമാണ് സര്‍ക്കാര്‍ പ്രവൃത്തന സമയം പുന:ക്രമീകരിച്ചത്. അതേസമയം പുതിയ ഓഫീസ് സമയത്തെക്കുറിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍, പ്രത്യേകിച്ച് വനിതാ ജീവനക്കാര്‍ പരാതിപ്പെടുന്നുണ്ട്. ജീവനക്കാരുടെ ദൈനംദിന കാര്യങ്ങളെ പൂര്‍ണ്ണമായി തകിടം മറിക്കുന്ന ഒന്നായി ഇത് മാറിയെന്ന് പഞ്ചാബിലെ നിരവധി സര്‍ക്കാര്‍ ജീവനക്കാര്‍ അഭിപ്രായപ്പെട്ടു.