ചണ്ഡീഗഡ് : പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് പുതിയ പാർട്ടി പ്രഖ്യാപിച്ചു. പേരും ചിഹ്നത്തിനും അനുമതിക്കായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമർപ്പിച്ചിട്ടുണ്ടെന്നും അത് ലഭിക്കുന്ന മുറയ്ക്ക് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ പാർട്ടി ബിജെപിയുമായി സീറ്റ് പങ്കിടുമെന്നും അമരീന്ദർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പഞ്ചാബ് അതിർത്തിയിൽ ബിഎസ്എഫിന്റെ അധികാര പരിധി ഉയർത്തുന്ന കേന്ദ്ര സർക്കാർ തീരുമാനത്തെ അമരീന്ദർ പിന്താങ്ങിയിരുന്നു.
അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ് അമരീന്ദർ പുതിയ പാർട്ടി രൂപീകരിക്കുന്നത്. നിരവധി കോൺഗ്രസ് പ്രവർത്തകർ പാർട്ടിയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച് എത്തിയിട്ടുണ്ട്. പുതിയ പാർട്ടി 117 സീറ്റുകളിലും മത്സരിക്കും. തെരഞ്ഞെടുപ്പ് പത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങളെല്ലാം തന്റെ സർക്കാർ നിറവേറ്റിയിട്ടുണ്ടെന്നും അമരീന്ദർ അറിയിച്ചു. നവജ്യോത് സിങ് സിദ്ദു എവിടെനിന്ന് മത്സരിക്കുന്നോ അവിടെനിന്ന് നേരിടുമെന്ന് അമരീന്ദർ അറിയിച്ചു