ശബരിമല: ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി കേരള ഹൈക്കോടതി ജസ്റ്റിസ് സി.റ്റി. രവികുമാര്‍. അയ്യപ്പ ദര്‍ശനത്തിനായി സന്നിധാനത്ത് എത്തിച്ചേര്‍ന്ന അദ്ദേഹം പുണ്യം പൂങ്കാവനം വോളന്റിയര്‍മാരോടൊപ്പം സന്നിധാനത്തെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. അയ്യപ്പ സന്നിധിയിലേക്കെത്തുന്ന ഓരോ ഭക്തനും സന്നിധാനത്തെ മാലിന്യമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന സന്ദേശമാണ് പുണ്യം പൂങ്കാവനം ശുചീകരണ പ്രവര്‍ത്തനം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പുണ്യം പൂങ്കാവനം പദ്ധതി പ്രവര്‍ത്തനങ്ങളുടെ വിശദാശങ്ങളടങ്ങിയ കൈപ്പുസ്തകം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു ജസ്റ്റിസ് സി.റ്റി. രവികുമാറിന് കൈമാറി. ശബരിമല പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ കെ.രാധാകൃഷ്ണന്‍, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്.രാജേന്ദ്രപ്രസാദ്, പുണ്യം പൂങ്കാവനം കോ-ഓര്‍ഡിനേറ്റര്‍ വി.അനില്‍കുമാര്‍, സന്നിധാനം എസ്എച്ച്ഒ പ്രതീഷ് കുമാര്‍, പുണ്യം പൂങ്കാവനം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സജി മുരളി, സുമിത്ത്, അയ്യപ്പ സേവാ സംഘം ക്യാമ്പ് ഓഫീസര്‍ നരസിംഹ മൂര്‍ത്തി, ശ്രീധര്‍, പുണ്യം പൂങ്കാവനം പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.