ഇരവിപേരൂർ : ആചാരമഹിമയുടെ ഓർമ്മപുതുക്കൽ ചടങ്ങായ പൂരാടംകൊടുപ്പ് വെള്ളിയാഴ്ച ഇരവിപേരൂരിൽ നടക്കും. ദാനധർമത്തിന് പ്രധാന്യം നൽകി നൂറ്റാണ്ടുകളായി ആചരിച്ചുവരുന്ന ചടങ്ങാണിത്. ദാനം തേടിയെത്തുന്നവരെ ഈശ്വരസ്വരൂപികളായി കണ്ടാണ് ഈ ദിവസം വീടുകളിൽ സ്വീകരിക്കുക. ദേവസ്തുതികളും നാട്ടുകഥകളുംപാടി ഉടുക്കുകൊട്ടിയുമാണ് പലരും വീടുകളിൽ എത്തുക. ദേവസ്തുതികൾ പാടാൻ ഇല്ലത്ത് എത്തുന്നവരെ രാവിലെ 7.30-ന് പച്ചംകുളത്തില്ലത്ത് പൊന്നാടയണിയിച്ച് സ്വീകരിക്കും. ഉച്ചയ്ക്ക് നല്ലൂർസ്ഥാനം ക്ഷേത്രത്തിൽ അന്നദാനവും ചടങ്ങിന് ക്ഷണം സ്വീകരിച്ച് എത്തിയവർക്ക് ദക്ഷിണയും നൽകും. വള്ളംകുളത്തെ പച്ചംകുളത്തില്ലവുമായി ബന്ധപ്പെട്ടാണ് പൂരാടംകൊടുപ്പ് ആചാരത്തിന്റെ തുടക്കം.
ഒരിക്കൽ പാർവതീപരമേശ്വരന്മാർ പാണന്റെയും പാണത്തിയുടെയും വേഷത്തിൽ ഇല്ലത്തെത്തി വെള്ളം ചോദിച്ചു. ആ സമയം അവിടത്തെ മുത്തശ്ശി തെങ്ങിൽനിന്ന് കരിക്കുവെട്ടി കുടിക്കാൻ പറഞ്ഞ് ചെറിയൊരു മഴു കൈയിൽ കൊടുത്തു. മഴുവുമായി തെങ്ങിന് സമീപം ചെന്ന ഭിക്ഷുക്കളുടെ മുൻപിലേക്ക് തെങ്ങ് വളഞ്ഞുവരുകയും കരിക്ക് പറിച്ചെടുത്ത് ദാഹം ശമിപ്പിക്കുകയും ചെയ്തു. ഇതുകണ്ട് അദ്ഭുതപ്പെട്ട മുത്തശ്ശി ആളുകളെ വിളിച്ചുകൂട്ടി കാര്യങ്ങൾ പറയുന്നതിനിടെ പാണനും പാണത്തിയും അപ്രത്യക്ഷരായി. ഇല്ലത്ത് ഭിക്ഷക്കെത്തിയവർ സാധാരണക്കാരല്ലെന്നും ഇശ്വരന്മാരായിരുന്നുവെന്നും അപ്പോഴാണ് അവർക്ക് മനസ്സിലായത്. പാണനും പാണത്തിയും നെല്ലാട്, വള്ളംകുളം, ഇരവിപേരൂർ പ്രദേശങ്ങളിൽ സഞ്ചരിച്ചതായി കണ്ടെത്തി. തുടർന്ന് ഇല്ലത്തെ കാരണവർ അടുത്ത പൂരാടത്തിന് ദാനധർമങ്ങൾ നടത്താമെന്ന് നേർന്നു. അന്നുമുതൽ കരയിൽ ഈ ചടങ്ങ് നടത്തിവരുന്നു.
പച്ചംകുളത്തില്ലത്തുനിന്നാണ് ദാനംതേടൽ തുടങ്ങുക. അവിടെനിന്ന് നൽകുന്ന കഞ്ഞിയും കുടിച്ചാണ് മറ്റിടങ്ങളിലേക്ക് പോകുക. പുലർച്ചെ ഇല്ലത്ത് ഗണപതിഹോമവും ശിവപൂജയുമുണ്ടാകും. ഇക്കുറി ദാനം വാങ്ങാൻ എത്തിയവർക്ക് ഇല്ലത്തെ ശ്രീദേവി അന്തർജനം നേരിട്ട് ഓണസദ്യയ്ക്ക് വേണ്ടുന്ന വിഭവങ്ങൾ നൽകും. ഇവിടെനിന്ന് നൽകിയ കഞ്ഞിയുംകുടിച്ച് മറ്റിടങ്ങളിലേക്ക് യാത്രയാകും. അരി, തേങ്ങ, ചേന, ചേമ്പ്, പച്ചക്കറികൾ തുടങ്ങിയവ കൂടാതെ ഓണപ്പുടവയും പണവും ദാനമായി കൊടുക്കും. ജാതിമത ദേദമില്ലാതെ കരയുടെ അഭിമാനമായി കണ്ടാണിത് നടത്തുന്നത്.