തിരുവല്ല : സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ പുഷ്പഗിരിയില്‍ 24 കാരന് പുതുജീവന്‍. കോട്ടയം കങ്ങഴ സ്വദേശിയായ 24 കാരന്‍ ജിഷ്ണുവിനാണ് പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രി കാന്‍സര്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പുതുജീവന്‍ ലഭിച്ചത്. 13 വയസ്സുമുതല്‍ കാന്‍സര്‍ രോഗത്തിന്റെ ചികിത്സകള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ജിഷ്ണു. 2016 ല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായെങ്കിലും 2020 ല്‍ വീണ്ടും മുഴ രൂപപ്പെട്ട് വളരെ വേഗം വലിപ്പം വെയ്ക്കുവാന്‍ തുടങ്ങി.
വിവിധ ആശുപത്രികളിള്‍ ചികിത്സയ്ക്കായി സമീപിച്ചെങ്കിലും മുഴ വ്രണമായി പൊട്ടി കഴുത്തിലെ ഞരമ്പുകളും രക്തക്കുഴലുകളും പിണഞ്ഞു കിടന്നതിനാല്‍ അപകടസാധ്യത കൂടുതലായിരുന്നു. അതിനാല്‍ത്തന്നെ ആരും ചികിത്സിക്കുവാന്‍ തയ്യാറായില്ല. ഇതോടെ രോഗം ഗുരുതരമായി. മുഖം ഒരു വശത്തേക്ക് കോടുവാനും വേദന അനുഭവിക്കുവാനും തുടങ്ങി. അങ്ങനെയാണ് പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാന്‍സര്‍ സര്‍ജറി വിഭാഗം അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ.ജെന്‍സി മാത്യൂസിനെ ജിഷ്ണുവിന്റെ ബന്ധുക്കള്‍ സമീപിക്കുന്നതും സങ്കീര്‍ണ്ണമായ ഈ ശസ്ത്രക്രിയക്ക് ഡോക്ടര്‍ തയ്യാറായതും.
കാന്‍സര്‍ സര്‍ജറി വിഭാഗം അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ.ജെന്‍സി മാത്യൂസ്, ജനറല്‍ സര്‍ജറി വിഭാഗം പ്രൊഫസര്‍ ഡോ.റോബിന്‍സണ്‍ പി.ജോര്‍ജ്, അനെസ്തേഷ്യോളജി വിഭാഗം മേധാവി ഡോ.തോമസ് പി.ജോര്‍ജ്, ഡോ.ജേക്കബ്, ഡോ.ബെന്നി ബ്രൈറ്റ്, ഡോ.പ്രിന്‍സ് സേവ്യര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഏഴു കിലോയോളം തൂക്കം വരുന്ന മുഴ നീക്കം ചെയ്തത്. ഈ ശാസ്ത്രക്രിയയ്ക്കുള്ള സൗകര്യം പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ളതിനാലാണ് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചതെന്ന് പുഷ്പഗിരി ആശുപത്രി ഡെപ്യൂട്ടി മെഡിക്കല്‍ ഡയറക്ടര്‍ ഡോ.സാംസണ്‍ ഇ. സാമുവേല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡോ.ജെന്‍സി മാത്യൂസ്, ജിന്‍സണ്‍ .കെ. ജോഷ്വാ, രഞ്ജിത് നായര്‍, ജിഷ്ണു രവീന്ദ്രന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.