റാന്നി : പുതമണ്ണിൽ പുതിയ പാലം നിർമ്മിക്കുന്നതിനായി പഴയ പാലം പൊളിച്ചു മാറ്റുന്നതിന് സൗകര്യം ഒരുക്കുന്നതിന് ഒരാഴ്ചയ്ക്കുള്ളിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്ന് ചെറുകോലിൽ ചേർന്ന അവലോകനയോഗം ജല വിഭവ വകുപ്പിനോട് ആവശ്യപ്പെട്ടു. പുതിയ പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് ചെറുകോൽ പഞ്ചായത്ത് ഓഫീസിൽ അഡ്വ. പ്രമോദ് നാരായൺ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പമ്പാനദിയിൽ നിന്നും കുടിവെള്ള വിതരണത്തിന് മെയിൻ ടാങ്കിലേക്ക് പോയിരിക്കുന്ന പൈപ്പുകളാണ് ബലക്ഷയം നേരിടുന്ന പാലത്തിലൂടെ പോകുന്നത്.
ഇവ നീക്കം ചെയ്യുന്നതിനുള്ള ടെൻഡറുകൾ ഈ മാസം ഏഴിന് നടക്കും. തുടർന്ന് ഏഴ് ദിവസത്തിനകം പൈപ്പ് നീക്കം ചെയ്യണം എന്നാണ് നിർദ്ദേശം. പഴയ പാലം പൊളിക്കുന്നതോടെ വാഹന നിയന്ത്രണത്തിന് നടപടി സ്വീകരിക്കണമെന്ന് പോലീസിനോടും മോട്ടോർ വാഹന വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. 10 ലക്ഷത്തോളം രൂപ മുടക്കി താൽക്കാലിക പാതയുടെ ഉപരിതലം പുനരുദ്ധരിച്ച് സഞ്ചാരയോഗ്യമാക്കാനും യോഗം ആവശ്യപ്പെട്ടിട്ടുണ്ട്. എത്രയും വേഗം പാലത്തിൻ്റെ നിർമ്മാണങ്ങൾ പൂർത്തീകരിക്കുന്നതിന് വേണ്ട ഇടപെടലുകൾ നടത്തുന്നതിന് യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ ആർ സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സാം പി തോമസ് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.