പത്തനംതിട്ട : ശബരിമല ക്ഷേത്രത്തിന്റെ തനി പ്രതിരൂപം. 18 പടികള്‍ ചവുട്ടി ക്ഷേത്രത്തില്‍ കയറണമെങ്കില്‍ വൃതവും ഇരുമുടി കെട്ടും നിര്‍ബന്ധം. മാളികപ്പുറത്ത് അമ്മയും ഉണ്ട്. ശബരിമലയില്‍ ഉള്ളതുപോലെയുള്ള ആചാരാനുഷ്ഠാനങ്ങള്‍. അങ്ങനെ ഒരു ക്ഷേത്രം ശബരിമലക്ക് അടുത്തുതന്നെ ഉണ്ട്, പുത്തന്‍ ശബരിമല എന്ന് അറിയപ്പെടുന്നു. അയിരൂര്‍ പഞ്ചായത്തിലെ തടിയൂര്‍ ഗ്രാമത്തില്‍ ഒരു കുന്നിന്‍മുകളിലാണ് ഈ അയ്യപ്പക്ഷേത്രം സ്ഥിതിചെയ്യുന്നത്. പുത്തന്‍ ശബരിമല ക്ഷേത്രത്തിലെ പ്രതിഷ്ഠാ വിഗ്രഹം പഞ്ചലോഹത്താല്‍ നിര്‍മ്മിച്ചിരിക്കുന്നു.
ശബരിമലയിലെപ്പോലെതന്നെ കന്നിരാശിയില്‍ ഗണപതിപ്രതിഷ്ഠ, കുംഭരാശിയില്‍ മാളികപ്പുറത്തമ്മ, മീനം രാശിയില്‍ വാവരുസ്വാമി, പതിനെട്ടാംപടിക്കുതാഴെ ഇരുവശത്തുമായി കറുപ്പന്‍സ്വാമി, കറുപ്പായി അമ്മ, വലിയകടുത്തസ്വാമി, യക്ഷി, സര്‍പ്പം എന്നീ പ്രതിഷ്ഠകളുമുണ്ട്. ക്ഷേത്രത്തിന് ശബരിമലയിലേതു പോലെതന്നെ 18 പടികളാണിവിടെയും. തെങ്കാശിയില്‍നിന്നു വരുത്തിയ കരിങ്കല്ലുകൊണ്ടു നിര്‍മിതമായുള്ള പതിനെട്ടാം പടിക്കുമുന്നില്‍ വിശാലമായ കല്‍ത്തളവും പടിയുടെ ഏറ്റവും താഴത്തെപ്പടിയുടെ ഇരുവശത്തുമായി ആനയുടെയും പുലിയുടെയും കരിങ്കല്ലില്‍ക്കൊത്തിയ രൂപങ്ങളുമുണ്ട്.
ശബരിമലയിലെ അതേ അളവിലും രൂപത്തിലുമുള്ളതാണ് പതിനെട്ടാംപടി. മകരവിളക്കാണ് പ്രധാന വിശേഷദിനം. 10 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവവമായി ആഘോഷിക്കപ്പെട്ടുപോരുന്നു. അപ്പം, അരവണ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളാണ്. പേട്ടകെട്ട് ഇവിടെയുമുണ്ട്. മകരവിളക്ക് മഹോത്സവകാലത്ത് വ്രതാനുഷ്ഠാനങ്ങളോടുകൂടി ജില്ലയ്ക്കകത്തും പുറത്തും നിന്നായി ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ ഇരുമുടിക്കെട്ടുമായി വന്ന് നാളികേരമുടച്ച് പടിചവിട്ടി അയ്യപ്പദര്‍ശനം നടത്തും. ഒരുകാലത്ത് നിബിഡവനമായിരുന്ന പുത്തന്‍ശബരിമലയില്‍, മണികണ്ഠസ്വാമി പുലിപ്പാല്‍ അന്വേഷിച്ചുള്ള യാത്രയ്ക്കിടെ ഋഷീശ്വരന്മാരുടെ ആശ്രമത്തില്‍ താമസിച്ചതായാണ് ഐതിഹ്യം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഈ ക്ഷേത്രത്തില്‍ ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളില്‍നിന്നു വ്യത്യസ്തമായി ഒരുകാര്യം മാത്രമേ ഉള്ളൂ. ഏതുപ്രായത്തിലുള്ള സ്ത്രീകള്‍ക്കും ദര്‍ശനം നടത്താം. ക്ഷേത്രത്തിന്റെ വടക്കേനടയില്‍ക്കൂടി ക്ഷേത്രത്തില്‍ പ്രവേശിക്കാം. എന്നാല്‍ പതിനെട്ടാംപടി ചവിട്ടുന്നതിന് ശബരിമല ക്ഷേത്രത്തിലെ എല്ലാ നിയമങ്ങളും ഇവിടെയും ബാധകമാണ്. തിരുവല്ല – റാന്നി റൂട്ടില്‍ തിരുവല്ലയില്‍ നിന്ന് 21 കിലോമീറ്ററും റാന്നിയില്‍നിന്ന് 10 കിലോമീറ്റര്‍ പടിഞ്ഞാറുമായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.