കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മണ്ഡലം നിലനിര്‍ത്താനും പിടിച്ചെടുക്കാനുമുള്ള തെരഞ്ഞെടുപ്പ് പോരിനും കളമൊരുങ്ങി. 53 വര്‍ഷം തുടര്‍ച്ചയായി ഉമ്മന്‍ ചാണ്ടി നിലനിര്‍ത്തിയ മണ്ഡലത്തില്‍ കഴിഞ്ഞ തവണ ഭൂരിപക്ഷം കുത്തനെ താഴ്ത്താനായതാണ് സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും പ്രതീക്ഷ. എന്നാല്‍ ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയ നേതാവിന്റെ ഓര്‍മ്മകളും ജനകീയതയും വൈകാരികമായ നിലയില്‍ തുണയ്ക്കുമെന്നും വന്‍ ഭൂരിപക്ഷത്തോടെ ജയിക്കാനാവുമെന്നുമുള്ള പ്രതീക്ഷയാണ് കോണ്‍ഗ്രസിന്. പുതുപ്പള്ളിയില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് മുന്‍തൂക്കം.
അതേസമയം സിപിഎമ്മില്‍ നിന്ന് യുവ നേതാവ് ജയ്ക് സി തോമസാണ് കഴിഞ്ഞ മൂന്ന് വട്ടവും മണ്ഡലത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പോരാടിയത്. അദ്ദേഹത്തെ തന്നെ ഇക്കുറിയും രംഗത്തിറക്കാനാണ് സാധ്യത ഏറെയും. ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം കുത്തനെ താഴ്ത്താനായതാണ് സിപിഎം ജയ്കിനെ പരിഗണിക്കുന്നതില്‍ പ്രധാനം. അതേസമയം സിപിഎം കോട്ടയം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ റെജി സഖറിയാസിന്റെ പേരും പരിഗണിച്ചേക്കുമെന്ന് വിവരമുണ്ട്.