കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഉച്ചയ്ക്ക് 2 മണിവരെ അമ്പത് ശതമാനത്തിലേറെ പോളിംഗ്. രാവിലെ ഏഴുമണിക്ക് തന്നെ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര രൂപപ്പെട്ടു. മികച്ച പോളിംഗ് രാവിലെ തന്നെ ദൃശ്യമായ സാഹചര്യത്തില്‍ ശുഭ പ്രതീക്ഷയിലാണ് മുന്നണികള്‍. മണ്ഡലത്തില്‍ ചിലയിടങ്ങളില്‍ ഇടയ്ക്ക് മഴ പെയ്‌തെങ്കിലും ഉച്ച സമയത്തും മിക്ക ബൂത്തുകളിലും ഭേദപ്പെട്ട പോളിംഗ് തുടരുകയാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 74. 84 ശതമാനം പോളിംഗ് ഇത്തവണ പുതുപ്പള്ളി മറികടന്നേക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍. എട്ടു പഞ്ചായത്തുകളിലെ 182 ബൂത്തുകളിലായി ഒന്നേമുക്കാല്‍ ലക്ഷത്തിലേറെ വോട്ടര്‍മാര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാന്‍സ്‌ജെന്‍ഡറുകളും അടക്കം മണ്ഡലത്തില്‍ 1,76,417 വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. രാവിലെ ഏഴുമണിക്ക് തന്നേ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നിര കാണാമായിരുന്നു. രാവിലെ തന്നെ സ്ഥാനാത്ഥികളായ ചാണ്ടി ഉമ്മനും ജെയ്ക്ക് സി തോമസും ലിജിന്‍ ലാലും മണ്ഡലങ്ങളില്‍ നിറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ജോര്‍ജിയന്‍ സ്‌കൂള്‍ ബൂത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസ് മണര്‍കാട് എല്‍പി സ്‌കൂള്‍ ബൂത്തിലും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.