തിരുവനന്തപുരം : പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബ്ബന്ധമാക്കിയത് ന്യായീകരിക്കാൻ വാശി പിടിക്കുന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ നേരത്തെ അദ്ദേഹംതന്നെ പറഞ്ഞതിനു കടകവിരുദ്ധമാണന്ന് കേരളാ കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം ജോസഫ് എം.പുതുശ്ശേരി.
ഇക്കഴിഞ്ഞ മാർച്ച് 12-നു മുഖ്യമന്ത്രി തന്നെ അവതരിപ്പിച്ച് കേരള നിയമസഭ പാസ്സാക്കിയ പ്രമേയം പറയുന്നതിങ്ങനെയാണ്
“കേന്ദ്ര സർക്കാർ രോഗം പടരാതിരിക്കുന്നതിനുള്ള സുരക്ഷ ഒരുക്കുന്നതിനും യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനും അടിയന്തിരമായി ഇടപെടണം. എന്നാൽ അതിനു പകരം ചട്ടങ്ങളുടെ കാഠിന്യം കൂട്ടുന്ന നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുന്നതു ഉത്കണ്ഠജനകവും തീർത്തും ഒഴിവാക്കപ്പെടേണ്ടതുമാണ്. രോഗലക്ഷണമില്ലാത്തവർക്ക് വൈദ്യ പരിശോധന നിർബ്ബന്ധമാക്കുന്നത് ന്യായയുക്തമല്ലാ എന്നും ഇവരെ യാത്ര ചെയ്തു നാട്ടിലേയ്ക്കു വരാൻ അനുവദിക്കണമെന്നും ഇവിടെ എത്തിയ ശേഷം ആവശ്യമായ വൈദ്യ പരിശോധന പ്രോട്ടോക്കോൾ നിബന്ധനകൾ പ്രകാരം സ്വീകരിക്കാവുന്നതാണന്നും ചൂണ്ടിക്കാണിച്ച് 11 – 03 – 2020-ൽ സംസ്ഥാന സർക്കാർ ബഹു . പ്രധാനമന്ത്രിക്ക് സന്ദേശം അയച്ചിട്ടുണ്ട്. പ്രവാസികളായ നമ്മുടെ നാട്ടുകാരെ ഇത്തരം പ്രതിസന്ധി ഘട്ടത്തിൽ കൂടുതൽ വിഷമസന്ധിയിലാക്കുന്നതു കാലങ്ങളായി നാം സ്വീകരിച്ചു വരുന്ന നയസമീപനത്തിനു കടകവിരുദ്ധമാണ്. നമ്മുടെ സമൂഹത്തിന്റെ എല്ലാ മേഖലകൾക്കും സംഭാവന നൽകുന്ന വിദേശത്തുള്ള നമ്മുടെ നാട്ടുകാരെ ഇവിടേക്ക് വരുന്നതിൽ നിന്നും ഫലത്തിൽ വിലക്കുന്ന സർക്കുലർ ഉടൻ പിൻവലിക്കണമെന്നു് ഈ സഭ കേന്ദ്ര സർക്കാരിനോടാവശ്യപ്പെടുന്നു.”
പ്രമേയം പ്രവൃത്തി പഥത്തിലേക്ക് എത്തുമ്പോൾ പറഞ്ഞതു വിഴുങ്ങി നേരെ മലക്കം മറിയുന്നത് ഭരണാധികാരികൾക്ക് ഭൂഷണമാണോ ? കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ട കാര്യം നമുക്ക് ബാധകമല്ലാതാവുന്നത് തികഞ്ഞ ഇരട്ടത്താപ്പല്ലേ?
അവിടെ വൈദ്യ പരിശോധന നിർബ്ബന്ധമാക്കുന്നതു ന്യായയുക്തമല്ലെന്നും ഇവിടെ എത്തിയ ശേഷം പരിശോധന നടത്തിക്കൊളളാമെന്നും പ്രധാനമന്ത്രിക്ക് കത്തു എഴുതുകയും അതു പോരാഞ്ഞു പ്രമേയം പാസ്സാക്കുകയും ചെയ്തിട്ടു അതിന്റെ മഷി ഉണങ്ങും മുമ്പ് പരിശോധന കർശനമാക്കുന്നതിന് എന്തു ന്യായീകരണമാണുള്ളതെന്ന് പുതുശ്ശേരി ചോദിക്കുന്നു.
പരിശോധനയുടെ അപ്രായോഗികതയും വൈഷമ്യങ്ങളും ചൂണ്ടിക്കാട്ടി പ്രവാസികൾ നടത്തുന്ന നിലവിളിയെങ്കിലും കേൾക്കാൻ മുഖ്യമന്ത്രി തയ്യാറാവുന്നില്ലെങ്കിൽ കത്തും പ്രമേയവുമെല്ലാം തെല്ലും ആത്മാർത്ഥതയില്ലാതെ നടത്തിയ വായ്ത്താരിയും മുതലക്കണ്ണീരും മാത്രമായി പരിണമിക്കും. സ്വന്തം വാക്കിനു അല്പമെങ്കിലും വില കല്പിക്കുന്നുണ്ടെങ്കിൽ ദുർവാശി ഉപേക്ഷിച്ച് സർട്ടിഫിക്കേറ്റു നിർബ്ബന്ധമാക്കിയ നടപടി മുഖ്യമന്ത്രി പിൻവലിക്കണമെന്നു പുതുശ്ശേരി ആവശ്യപ്പെട്ടു.