മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ഗുരുതരാവസ്ഥയിലെന്ന് അഭ്യൂഹം. വലതുകൈയിന്റെയും കാലിന്റെയും ശേഷി നഷ്ടപ്പെടുകയും കടുത്ത തലവേദന അനുഭവിക്കുകയും ചെയ്യുന്നതായാണ് വിവരം. ഇതോടൊപ്പം കാഴ്ചശേഷി കുറയുകയും നാവിനു മരവിപ്പ് വന്നതായും സൂചനയുണ്ട്. ക്രെംലിനകത്തെ രഹസ്യവിവരങ്ങള്‍ പുറത്തുവിട്ട് വാര്‍ത്തകളില്‍ നിറഞ്ഞ റഷ്യന്‍ സംഘമായ ‘ജനറല്‍ എസ്.വി.ആറി’നെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കൈയിന്റെയും കാലിന്റെയും ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതോടൊപ്പമാണ് സംസാരശേഷിക്കും കാഴ്ചശേഷിക്കും ഗുരുതരസ്ഥിതിയുള്ളത്. പുടിന്‍ അടിയന്തരമായി ചികിത്സയ്ക്കു വിധേയനാകുമെന്ന് ജനറല്‍ എസ്.വി.ആര്‍ പറയുന്നു. പ്രാഥമിക പരിചരണം നല്‍കിയിട്ടുണ്ട്. കൂടുതല്‍ മെഡിക്കല്‍ പരിചരണം വേണ്ടതുണ്ടെന്നാണ് പുടിന്റെ ഡോക്ടര്‍മാരുടെ സമിതി നിര്‍ദേശിച്ചിരിക്കുന്നത്. കുറച്ചു ദിവസം വിശ്രമത്തിനും നിര്‍ദേശമുണ്ട്. എന്നാല്‍, വിശ്രമിക്കാനാകില്ലെന്ന് പുടിന്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ചിലും പുടിന്‍ ഗുരുതരമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയ്ക്കു വിധേയനായിരുന്നു.