കോഴിക്കോട് : പി.വി അന്‍വര്‍ എം.എല്‍.എ യുടെ ടൂറിസം പദ്ധതിയുടെ ഭാഗമായ കക്കാടംപൊയിലിലെ പി.വി.ആര്‍ നാച്വറോ റിസോര്‍ട്ടില്‍ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് നിര്‍മ്മിച്ച നാലു തടയണകളും ഒരു മാസത്തിനകം പൊളിച്ചുനീക്കാനുള്ള കോഴിക്കോട് ജില്ലാ കളക്ടറുടെ ഉത്തരവ് നടപ്പാക്കാത്തതിന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും റിസോര്‍ട്ട് മാനേജര്‍ക്കും ഹൈക്കോടതി നോട്ടീസ്. കളക്ടറുടെ ഉത്തരവ് നടപ്പാക്കാത്തതില്‍ നടപടിയാവശ്യപ്പെട്ട് കേരള നദീസരംക്ഷണ സമിതി ജനറല്‍ സെക്രട്ടറി ടി.വി രാജന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എന്‍ നഗരേഷ് 15 ദിവസത്തിനകം വിശദീകരണം തേടി നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടത്.
പ്രകൃതിദത്തമായ നീരൊഴുക്ക് തടസപ്പെടുത്തി നിര്‍മ്മിച്ച നാലു തടയണകള്‍ ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്നും അല്ലാത്തപക്ഷം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സ്വന്തം ചെലവില്‍ പൊളിച്ചുനീക്കി ഇതിനു ചെലവായ തുക തടയണ കെട്ടിയവരില്‍ നിന്നും ഈടാക്കണമെന്ന് കോഴിക്കോട് കളക്ടര്‍ ഡോ.നരസിംഹുഗാരി ടി.എല്‍ റെഡി കഴിഞ്ഞ ആഗസ്റ്റ് 30നാണ് ഉത്തരവിട്ടത്.
ഒരു മാസത്തെ സമയപരിധികഴിഞ്ഞിട്ടും കൂടരഞ്ഞി പഞ്ചായത്ത് തടയണപൊളിച്ചില്ല. തടയണപൊളിക്കേണ്ടതില്ലെന്ന സമീപവാസികളില്‍ ചിലരുടെ നിവേദനം കണക്കിലെടുത്ത് പൊളിക്കാതിരിക്കാനുള്ള പോംവഴിപഞ്ചായത്ത് അധികൃതര്‍ തേടുന്നതിനിടെയാണ് ടി.വി രാജന്‍ തടയണപൊളിക്കാന്‍ നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. സമുദ്രനിരപ്പില്‍ നിന്നും 3000 അടി ഉയരത്തില്‍ നിയമം ലംഘിച്ച് നിര്‍മ്മിച്ച തടയണകളും വില്ലകളും പൊളിച്ചുനീക്കണമെന്ന രാജന്റെ ഹര്‍ജി പരിഗണിച്ച് രണ്ടു മാസത്തിനകം കോഴിക്കോട് കളക്ടര്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22 ന് ഉത്തരവിട്ടിരുന്നു.
സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് അനുമതിയില്ലാതെയാണ് തടയണ കെട്ടിയതെന്ന കൂടരഞ്ഞി വില്ലേജ് ഓഫീസറുടെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും റിപ്പോര്‍ട്ട് പരിഗണിച്ചുവേണം കളക്ടര്‍ നടപടിയെടുക്കണ്ടതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി ഉത്തരവ് വന്ന് അഞ്ചുമാസമായിട്ടും കളക്ടര്‍ അനധികൃത തടയണകള്‍ക്കും നിര്‍മ്മാണങ്ങള്‍ക്കുമെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. ഇതോടെ രാജന്‍ കളക്ടര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടിയാവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു.