പത്തനംതിട്ട : ശ്രീലേഖയ്‌ക്കെതിരെ സ്ത്രീ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ പി.വി. വിജയമ്മ.1996ല്‍ തനിക്കെതിരേ കള്ളക്കേസ് കൊടുത്ത സ്ത്രീയാണ് ശ്രീലേഖ ഐ.പി.എസ്. എന്നും ആ കേസില്‍ തന്നെ കോടതി കുറ്റവിമുക്തയാക്കിയിട്ടും പിന്നീടും കേസിനെക്കുറിച്ച് മാധ്യമങ്ങളില്‍ കള്ളക്കഥയെഴുതി എന്ന വെളിപ്പെടുത്തലുമായി അഭിഭാഷകയും സ്ത്രീ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ പി.വി. വിജയമ്മ. അവര്‍ കള്ളിയാണ് നാക്കെടുത്താല്‍ നുണ മാത്രമേ പറയൂ.
ശ്രീലേഖ സ്ത്രീപക്ഷത്തുനിന്ന് ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന ആളല്ല. 14 വയസ്സുകാരി കിണറ്റില്‍ വീണ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയെ സ്ലട്ട് ഷെയിം ചെയ്യാനാണ് അവര്‍ മുതിര്‍ന്നിട്ടുള്ളതെന്നും പ്രതികള്‍ക്കനുകൂലമായ നിലപാടാണ് അന്നും അവര്‍ കൈക്കൊണ്ടതെന്നും വിജയമ്മ വെളിപ്പെടുത്തി. 1996-ല്‍ ശ്രീലേഖ പത്തനംതിട്ട എസ്‌പിയായിരുന്നപ്പോഴാണ് ഈ സംഭവവിവാകസങ്ങള്‍ ഉണ്ടായതെന്നും പറഞ്ഞു
1996-ലാണ് എല്ലാ സംഭവങ്ങളുടെയും തുടക്കം. 14 വയസ്സുള്ള പെണ്‍കുട്ടി ദുരൂഹസാഹച്യത്തില്‍ വീട്ടിലെ കിണറ്റില്‍ മരിച്ചു കിടക്കുന്നെന്ന വാര്‍ത്ത പത്രത്തിലൂടെ അറിഞ്ഞു. കേസന്വേഷണത്തില്‍ അച്ഛനും അമ്മയ്ക്കും തൃപ്തിയില്ലെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്. അന്ന് സ്ത്രീകള്‍ക്കനുകൂലമായി വാരികയിലും മറ്റും എഴുതുന്നതിന്റെ അടിസ്ഥാനത്തില്‍, എസ്‌പി. ആയ ശ്രീലേഖയെ ഈ വിഷയം ധരിപ്പിക്കാമെന്ന് തീരുമാനിച്ചു. അതിനിടെയാണ് തലയ്ക്ക് പരിക്കേറ്റ അവസ്ഥയില്‍ ബിന്ദു (ബിന്ദു അമ്മിണി) എന്ന മറ്റൊരു പെണ്‍കുട്ടിയെ വൈ.ഡബ്ല്യു.സി.ഹോസ്റ്റല്‍ വരാന്തയില്‍ ശോശാമ്മ ഡാനിയേല്‍ കാണുന്നത്.
തലയ്ക്ക് അടിച്ച് പരിക്കേല്‍പിച്ചും പോലീസ് കേസെടുക്കുന്നില്ലെന്ന പരാതി ബിന്ദുവും പങ്കുവെച്ചു. തുടര്‍ന്ന് പെണ്‍കുട്ടി കിണറ്റില്‍ മരിച്ച വിഷയത്തില്‍ ഇടപെടാനായി സംഘടിപ്പിച്ച സ്ത്രീകളുടെ മീറ്റിങ്ങിലേക്ക് ബിന്ദുവിനെയും ക്ഷണിച്ചു. തുടര്‍ന്ന് ഞാനും അഭിഭാഷക ഷീബയും ബിന്ദു അമ്മിണിയും കൂടി ശ്രീലേഖയെ പോയി കാണാന്‍ തീരുമാനിച്ചു. ബിന്ദുവിന്റെ കാര്യത്തില്‍ വേണ്ടത് ചെയ്യാമെന്ന് അവര്‍ അറിയിച്ചു. ശേഷം കിണറ്റില്‍ വീണ് മരിച്ച കുട്ടിയുടെ വിഷയം ഞങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ വളരെ മോശമായ പ്രസംഗമാണ് ശ്രീലേഖയുടെ ഭാഗത്തു നിന്നുണ്ടായത്.
ഒമ്പതാം വയസ്സു മുതല്‍ പുരുഷന്മാരുമായി ബന്ധപ്പെടുന്ന പെണ്‍കുട്ടിയാണവള്‍ എന്നും എന്ത് കണ്ടിട്ടാണ് ആ പെണ്‍കുട്ടിക്ക് വേണ്ടി നിങ്ങള്‍ വാദിക്കുന്നതെന്നുമുള്ള ചോദ്യമായിരുന്നു ശ്രീലേഖയുടെ ഭാഗത്തു നിന്നുണ്ടായത്. കുട്ടിയുടെ അമ്മ മോശം സ്ത്രീയാണ്. ആലപ്പുഴ മെഡിക്കല്‍ കോളേജിലല്ല വേറെ പരിപാടിക്കാണ് പോയതെന്നും അമ്മയും മോളും ശരിയല്ലെന്നും ഒരടിസ്ഥാനവുമില്ലാതെ ശ്രീലേഖ പറഞ്ഞു. സംഭവം നടന്ന ദിവസം ഇളയ മകന് അസുഖം വന്ന് ഡോക്ടറെ കാണാന്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മോളെ വീട്ടിലാക്കി പോയതായിരുന്നു ഈ അമ്മ. ഞാന്‍ നേരിട്ടന്വേഷിച്ചറിഞ്ഞ കാര്യമാണത്.
അന്ന് ഡോക്ടറെ കാണിക്കാന്‍ പറ്റാത്തതിനാല്‍ അമ്മയും അനുജനും അവിടെ ബന്ധുവീട്ടില്‍ താമസിച്ചു. പിറ്റേന്ന് വൈകുന്നേരം വീട്ടില്‍ വരുമ്പോള്‍ കതകുതുറന്ന് വീടാകെ അലങ്കോലമായി കിടക്കുന്നതാണ് കാണുന്നത്. മൂന്ന് ദിവസം തിരഞ്ഞ് ഒടുവിലാണ് കുട്ടിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ആ കുട്ടിയെ കുറിച്ചാണ് വളരെ മോശമായ രീതിയില്‍ ശ്രീലേഖ സംസാരിച്ചത്. ‘മോശം ജീവിതരീതി നാട്ടുകാരറിഞ്ഞപ്പോള്‍ കിണറ്റില്‍ ചാടി ചത്തു. ആ കേസിനാണോ നിങ്ങള്‍ ശുപാര്‍ശയുമായി വന്നത്’ എന്നായി ശ്രീലേഖയുടെ ചോദ്യം.
കുട്ടി 9 വയസ്സു മുതല്‍ സെക്ഷ്വല്‍ ഇന്റര്‍കോസ് നടത്തുന്നുണ്ട് എന്ന വിവരം നിങ്ങള്‍ക്കെങ്ങനെ കിട്ടി എന്ന ചോദ്യത്തിന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട് എന്നായിരുന്നു ശ്രീലേഖയുടെ മറുപടി. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എന്റെ കയ്യിലുണ്ടായിരുന്നു. 9 വയസ്സു മുതല്‍ കുട്ടി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നു എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ എവിടെയും പറയുന്നില്ലെന്നും എന്തടിസ്ഥാനത്തിലാണ് കുട്ടിക്കെതിരേ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഞാന്‍ ചോദിച്ചു. അവര്‍ക്കത് നാണക്കേടായി. വലിയ വാഗ്വാദം ഉണ്ടായി. തുടര്‍ന്നാണ് അവര്‍ ഞങ്ങളെ മൂന്ന് പേരെയും കള്ളക്കേസില്‍ കുടുക്കുന്നത്. കളക്ടറേറ്റില്‍ നിന്നു ഫോണ്‍ വന്നപ്പോള്‍ ഞാന്‍ ഫോണ്‍ എടുക്കാന്‍ സമ്മതിക്കാതെ തള്ളിമറ്റിയെന്ന ആരോപണം വരെ ഇവര്‍ ഉന്നയിച്ചു.
ദേഹത്ത് തൊട്ടിട്ടിട്ടു പോലുമില്ല. അവര്‍ കള്ളിയാണ്. നാക്കെടുത്താല്‍ നുണ മാത്രമേ അവര്‍ പറയൂ. അന്ന് വാഗ്വാദം ഉണ്ടായപ്പോള്‍ ‘നിങ്ങള്‍ സ്ത്രീ വിരുദ്ധയാണെന്നും പ്രവൃത്തിയും വാക്കുകളും രണ്ടാണെന്നും മാധ്യമങ്ങളില്‍ എഴുതി മറിക്കുന്ന പോലല്ല നിങ്ങള്‍ യഥാര്‍ഥത്തിലെന്നും’ ഞാന്‍ അവരുടെ മുഖത്ത് നോക്കി പറഞ്ഞു. ഇതില്‍ ക്ഷുഭിതയായ ഇവര്‍ ഞങ്ങള്‍ നക്സലുകളാണെന്നും സംഘടിതമായി ആക്രമിക്കാനാണ് ചെന്നതെന്നും പറഞ്ഞ് ഞങ്ങള്‍ക്കെതിരേ കേസെടുത്തു. എനിക്കെതിരേ ഒരുപാട് വകുപ്പിട്ടായിരുന്നു കേസെടുത്തത്. ജാമ്യം തരാതിരിക്കാനും ശ്രമിച്ചു. ഒടുവില്‍ അഭിഭാഷകരെത്തി പോലീസ് സ്റ്റേഷനില്‍ വെച്ച് പ്രതിഷേധിച്ച് വലിയ സമ്മര്‍ദ്ദത്തിലായി അവര്‍. ഒടുവില്‍ ജാമ്യമെടുത്ത് ഞങ്ങള്‍ പുറത്തിറങ്ങി.
കേസ് ക്രൈംബ്രാഞ്ച് ആണ് അന്വേഷിച്ചത്. ടി.പി. സെന്‍കുമാറിനായിരുന്നു അന്വേഷണ ചുമതല. ഐ.പി.സി. 323-യിലെ മര്‍ദ്ദനമടക്കമുള്ള വകുപ്പുകളെല്ലാം ഇവര്‍ എനിക്കു നേരെ ചുമത്തിയിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്ന് ബോധ്യപ്പെട്ട് ആ വകുപ്പെല്ലാം ഒഴിവാക്കി ഒടുവില്‍ കൃത്യനിര്‍വ്വഹണത്തില്‍ തടസ്സപ്പെടുത്തി, അനുവാദമില്ലാതെ കടന്നു കയറി എന്ന വകുപ്പിട്ട് കേസെടുക്കുകയായിരുന്നു. ആ കേസില്‍ റാന്നി മജിസ്ട്രേറ്റ് കോടതി എന്നെ വെറുതെ വിടുകയും ചെയ്തു.