കൊയിലാണ്ടി: പൊതുമരാമത്ത് കരാറുകാർക്ക് നൽകാനുള്ള ബിൽ തുക പിഡബ്ള്യുഡി(കെട്ടിടവിഭാഗം) ജീവനക്കാരി സ്വന്തം അക്കൗണ്ടിലേക്കുമാറ്റി തട്ടിപ്പുനടത്തിയതിൽ പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനിയർ ഹരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ പിഡബ്ള്യുഡി ആഭ്യന്തര വിജിലൻസ് സംഘം കൊയിലാണ്ടി ഓഫീസിലെത്തി ഫയലുകളും രേഖകളും പരിശോധിച്ചു. കരാറുകാർക്ക് കൊടുക്കാനുള്ള പണം ഓഫീസിലെ സീനിയർ ക്ലാർക്ക് നീതു ബാലകൃഷ്ണൻ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതിലാണ് കൂടുതൽ അന്വേഷണംനടത്തുന്നത്. കൂടുതൽ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന കാര്യമാണ് അന്വേഷിക്കുന്നത്. വിഷയത്തിൽ സസ്പെൻഷനിലായ ജീവനക്കാരി നീതു ബാലകൃഷ്ണൻ കൈകാര്യം ചെയ്ത മുഴുവൻ ഫയലുകളും വിജിലൻസ് സംഘം പരിശോധനയ്ക്കായെടുത്തു.
ആറ് കരാറുകാർക്ക് കൊടുക്കാനുള്ള 13 ലക്ഷംരൂപയാണ് സ്വന്തം അക്കൗണ്ടിലേക്ക് നീതു മാറ്റിയതായി കണ്ടെത്തിയത്. കരാറുകാരുടെ ബില്ലിൽ ലിസ്റ്റ് ഓഫ് ബെനിഫിഷ്യറീസ് എന്ന ഭാഗത്ത് കരാറുകാരന്റെ പേര് ചേർത്തശേഷം കരാറുകാരന്റെ അക്കൗണ്ട് നമ്പർ രേഖപ്പെടുത്തുന്നതിനുപകരം ജീവനക്കാരിയുടെ സ്വന്തം ബാങ്ക് അക്കൗണ്ട് നമ്പറാണ് രേഖപ്പെടുത്തിയതായി കണ്ടത്. കരാറുകാരുടെ ബില്ല് ട്രഷറിയിലേക്കയക്കുമ്പോൾ അക്കൗണ്ട് നമ്പറും ഐഎഫ്എസ്ഇ കോഡുമാണ് നൽകുക. കരാറുകാരുടെ പേര് നൽകാറില്ല. ഈ പഴുതുപയോഗിച്ചാണ് കരാറുകാരുടെ അക്കൗണ്ടിനുപകരം സ്വന്തം അക്കൗണ്ട് നമ്പർ നൽകി നീതു തട്ടിപ്പുനടത്തിയത്. അക്കൗണ്ടിൽ തുക എത്താത്തതിനെത്തുടർന്ന് കരാറുകാരുടെ പരാതിയിലാണ് ചീഫ് എൻജിനിയറുടെ നിർദേശപ്രകാരം അന്വേഷണം നടത്തിയതും നടപടിയുടെ ഭാഗമായി നീതു ബാലകൃഷ്ണനെയും ഹെഡ് ക്ലാർക്ക് എൻ.കെ. ഖദീജയെയും സസ്പെൻഡ് ചെയ്തതും.
കരാറുകാരുടെ ബില്ലുകൾ വേണ്ടരീതിയിൽ പരിശോധിച്ച് മേലധികാരിക്ക് സമർപ്പിക്കുന്നതിൽ ഓഫീസിലെ ഹെഡ് ക്ലാർക്കായ എൻ.കെ. ഖദീജയുടെ ഭാഗത്ത്നിന്ന് മേൽനോട്ടപ്പിഴവുണ്ടായിട്ടുള്ള സാഹചര്യത്തിലാണ് ഇവർക്കെതിരേയും വകുപ്പുതലനടപടികൾ സ്വീകരിച്ചത്.പൊതുമരാമത്ത് പ്രവൃത്തികൾ കരാറെടുക്കുന്ന സി.പി. സനൂപ് ഉൾപ്പെടെ ആറ് കരാറുകാർ എറ്റെടുത്ത വിവിധ പ്രവൃത്തികളുടെ ബിൽത്തുകയാണ് സീനിയർ ക്ലാർക്ക് നീതു സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേക്ക് അനധികൃതമായി മാറ്റിയത്. പരാതിയെത്തുടർന്ന് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന കൊയിലാണ്ടി കെട്ടിട ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് കെട്ടിടവിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സീനിയർ ക്ലാർക്ക് നീതു ബാലകൃഷ്ണൻ ഗുരുതരമായ ക്രമക്കേട് നടത്തിയിട്ടുണ്ടെന്നാണ് എക്സിക്യുട്ടീവ് എൻജിനിയർ റിപ്പോർട്ട് നൽകിയിരുന്നത്. സംസ്ഥാനത്തെ മറ്റ് കെട്ടിടവിഭാഗം ഓഫിസിലും സമാനരീതിയിൽ തട്ടിപ്പ് നടന്നുവോയെന്ന കാര്യവും വിജിലൻസ് പരിശോധിക്കും.