കൊച്ചി : വ്യാപാര സ്ഥാപനങ്ങളില്‍ ക്യൂ ആർ കോഡിന്‍റെ മറവില്‍ പണം തട്ടിയതായി പരാതി. പടമുകളിലെ മത്സ്യവ്യാപാരി ഉസ്മാനും തൊട്ടടുത്ത് മാംസക്കച്ചവടം ചെയ്യുന്ന സാദിക്കുമാണ് ക്യൂ.ആര്‍ കോഡ് തട്ടിപ്പിന് ഇരയായത്. കാക്കനാട്ടെ രണ്ട് വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് അയ്യായിരത്തോളം രൂപയാണ് തട്ടിയത്. കടകളില്‍ നേരത്തെ സ്ഥാപിച്ച ക്യൂ.ആർ കോഡിന് മുകളില്‍ പേപ്പറില്‍ പ്രിന്‍റ് ചെയ്തെടുത്ത മറ്റൊരു കോഡ് ഒട്ടിച്ചുവെച്ചാണ് തട്ടിപ്പ്.
കടയില്‍ വരുന്നവർ അയച്ച പണമെല്ലാം തട്ടിപ്പുകാരന്‍റെ അക്കൗണ്ടിലേക്കായിരുന്നു പോയിരുന്നത്. മത്സ്യം വാങ്ങാനെത്തിയവർ അയക്കുന്ന പണം അക്കൗണ്ടില്‍ വീഴുന്നില്ലെന്ന് കണ്ടപ്പോഴാണ് തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മനസിലായത്. തട്ടിപ്പുകാരന്‍ രണ്ട് കടകളിലും ഒട്ടിച്ചുവെച്ചത് ഒരേ ക്യൂ ആർ കോഡുകളാണ്. പിടിക്കപ്പെടുമെന്ന് തോന്നിയതുകൊണ്ടാവാം പിന്നീട് ക്യൂ.ആർ കോഡ് പ്രവർത്തനക്ഷമമല്ലാതെയാക്കി. വ്യാപാരികള്‍ പോലീസില്‍ പരാതി നല്‍കി.