തിരുവനന്തപുരം : ഗുണനിലവാരം കുറഞ്ഞ സഞ്ചി നല്‍കി സപ്ലൈകോയെ വഞ്ചിച്ച മൂന്ന് കുടുംബശ്രീ യൂണിററുകളുടെ അംഗീകാരം റദ്ദാക്കി. തമിഴ്‌നാട്ടില്‍ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ തുണി സഞ്ചി സപ്ലൈകോയ്ക്ക് നല്‍കി പണം തട്ടിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പാലക്കാട്ടെ മൂന്ന് കുടുംബശ്രീ സ്ഥാപനങ്ങളുടെ റജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. തട്ടിപ്പില്‍ കുടുംബശ്രീ മിഷന്‍ പ്രത്യേക അന്വേഷണം തുടങ്ങി. അതേസമയം തിരുവനന്തപുരത്ത് നല്‍കിയതും തമിഴ്നാട് സഞ്ചിയാണന്ന് കണ്ടെത്തിയിട്ടുണ്ട്.
മങ്കര സി ഡി എസിന് കീഴിലുള്ള എ വി ആര്‍ ക്ലോത്ത് ബാഗ് യൂണിറ്റ്, ഒറ്റപ്പാലത്തെ സൗപര്‍ണിക ബാഗ് നിര്‍മാണ യൂണിറ്റ്, മണ്ണാര്‍ക്കാട് അപ്‌സര ട്രെയിനിങ് ഇസ്റ്റിറ്റിയൂട്ട് ഫോര്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് എന്നിവയ്‌ക്കെതിരെയാണ് നടപടി. റജിസ്‌ട്രേഷന്‍ റദ്ദാക്കിയതിന് പുറമെ ഇവരെ കരിമ്പട്ടികയിലും പെടുത്തിയിട്ടുണ്ട്. മൂന്ന് സ്ഥാപനങ്ങളും ചേര്‍ത്ത് അഞ്ചു ലക്ഷത്തോളം തുണി സഞ്ചിയാണ് നല്‍കിയത്. തിരുവനന്തപുരം ആറ്റിങ്ങല്‍ കൊട്ടാരക്കര ഡിപ്പോകള്‍ക്കും ഇവര്‍ സഞ്ചി നല്‍കിയിട്ടുണ്ട്. കുടുംബ ശ്രീക്കാര്‍ക്ക് സഞ്ചി എത്തിച്ച് നല്‍കിയ ഇടനിലക്കാരേയും കണ്ടെത്തി.
തട്ടിപ്പ് നാണക്കേടുണ്ടാക്കിയെന്ന് വിലയിരുത്തിയ കുടുംബശ്രീ മിഷന്‍ പ്രത്യേക അന്വേഷണം ആരംഭിച്ചു. പാലക്കാട് ജില്ലാ കോര്‍ഡിനേറ്റര്‍ക്കാണ് അന്വേഷണ ചുമതല. കുടുംബശ്രീകള്‍ക്ക് പുറമെ ഇ ടെന്‍ഡര്‍ വഴി സഞ്ചി വാങ്ങിയതിലും ഉദ്യോഗസ്ഥരും കരാറുകാരും തമ്മില്‍ ഒത്തുകളിച്ചതായി അഭ്യന്തര വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തില്‍ പോലീസ് വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സപ്ലൈകോ, ഭക്ഷ്യ വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദമായ റിപ്പോര്‍ട്ട് ലഭിച്ചിട്ട് തീരുമാനിക്കാമെന്നാണ് സെക്രട്ടറിയുടെ പ്രതികരണം.