പത്തനംതിട്ട : ക്വാറന്റൈന്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസ് എടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. ജനമൈത്രി പോലീസിന്റെ സേവനം പ്രയോജനപ്പെടുത്തി ക്വാറന്റൈനിലുള്ളവരെ നിരന്തരം നിരീക്ഷിച്ചുവരുന്നുണ്ട്. അന്വേഷണത്തിന് ബൈക്ക് പട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ക്വാറന്റൈന്‍ ലംഘിച്ചതിന് ഇന്നലെ ഒരു കേസ് എടുത്തു. ജനമൈത്രി പോലീസിന്റെ ദൈനംദിന നിരീക്ഷണത്തിലുണ്ടായിരുന്ന ആള്‍ക്കെതിരെ പന്തളം പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തമിഴ്‌നാട്ടില്‍നിന്ന് ഈമാസം ഒമ്പതിന് നാട്ടിലെത്തി വീട്ടില്‍ കഴിഞ്ഞുവന്നയാളെ കാണാതിരുന്നത് ബീറ്റ് ഓഫീസര്‍ പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ ഇ.ഡി. ബിജുവിനെ അറിയിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
ഗാര്‍ഹിക പീഡനം തടയുന്നതിന് പ്രത്യേക സംവിധാനം
ഗാര്‍ഹിക പീഡനം തടയുന്നതിന് ഡൊമസ്റ്റിക് കോണ്‍ഫ്‌ളിക്റ്റ് റെസൊല്യൂഷന്‍ സെന്റര്‍ (ഡി.സി.ആര്‍.സി)ജില്ലാ വനിതാ സെല്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു. വനിതാ സെല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ക്കാവും ചുമതല. ഗാര്‍ഹികപീഡനം സംബന്ധിച്ച പരാതികളില്‍ അന്വേഷണം നടത്തി ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ യാത്രക്കാര്‍ പാടില്ല
ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ബസ്, ഓട്ടോറിക്ഷ യാത്രകള്‍ നടത്താമെങ്കിലും അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയാല്‍ ശക്തമായ നടപടി കൈക്കൊള്ളും. മാസ്‌ക് ധരിക്കാത്ത ഒരാളും പുറത്തിറങ്ങാന്‍ അനുവദിക്കില്ല. വയോധികരും 10 വയസില്‍ താഴെയുള്ളവരും ചികിത്സ പോലുള്ള അടിയന്തിര ഘട്ടങ്ങളില്‍ അല്ലാതെ പുറത്തിറങ്ങിയാല്‍ പോലീസ് നടപടിയുണ്ടാകും. സമ്പര്‍ക്കത്തിലൂടെ കോവിഡ് പകരുന്ന സാഹചര്യം ഒഴിവാക്കണമെന്നും പൊതുജനങ്ങളുമായി ബന്ധപെട്ട് ജോലിചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ക്ക് വെള്ളി വൈകിട്ട് നാലു മുതല്‍ ശനി വൈകിട്ട് നാലു വരെ 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, 17 പേരെ അറസ്റ്റ് ചെയ്യുകയും എട്ടു വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.