ന്യൂഡല്‍ഹി : മുന്‍പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്ങിന്റെ വീടിന് മുന്നില്‍ ക്വാറന്റൈന്‍ നോട്ടീസ് പതിച്ചു. ഡല്‍ഹിയിലെ 3, മോത്തിലാല്‍ നെഹ്‌റു പ്ലേസിലെ വീട്ടിലാണ് നോട്ടീസ് പതിച്ചിരിക്കുന്നത്. ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആശങ്കയിലായെങ്കിലും വാസ്തവം പുറത്തുവന്നതോടെ ആശ്വാസമായി. മന്‍മോഹന്റെ വീട്ടുജോലിക്കാരിയുടെ മകള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുന്‍ പ്രധാനമന്ത്രിയുടെ വീടിന് മുന്നില്‍ ക്വാറന്റൈന്‍ നോട്ടീസ് പതിച്ചത്.
ജോലിക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സിലാണ് വീട്ടുജോലിക്കാരിയും കുടുംബവും താമസിക്കുന്നത്. അവരേയും ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. കുറച്ച് നാളായി അസുഖബാധിതനായിരുന്ന മന്‍മോഹന്‍ സിങ് പതിയെ സജീവമായി വരികയായിരുന്നു. വ്യാഴാഴ്ച പാര്‍ട്ടിയുടെ ഒരു യോഗത്തില്‍ മുന്‍ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്തുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.