കോഴിക്കോട്: ഖനനമേഖലയിലെ പിഴ കുടിശ്ശിക അദാലത്തിന്റെ പേരില്‍ ഭീമമായ തുക അടപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്നാരോപിച്ച് ക്വാറി ഉടമകള്‍ വീണ്ടും സമരത്തിലേക്ക്. 1985 മുതലുള്ള പിഴയടക്കണമെന്നാവശ്യപ്പെട്ട് വ്യവസായ വകുപ്പ് ഇറക്കിയിരിക്കുന്ന ഉത്തരവ് അശാസ്ത്രീയമാണെന്നാണ് ആക്ഷേപം. ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് ക്വാറി ഉടമകള്‍ അറിയിച്ചു.
ക്വാറി നയത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുയര്‍ത്തി ക്വാറിയുടമകള്‍ കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ സമരത്തെ തുടര്‍ന്ന് പ്രശ്നങ്ങള്‍ പഠിക്കാനായി ആറംഗം സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ക്വാറികളില്‍ കണക്കിലധികം ഖനനം നടന്നിട്ടുണ്ടെങ്കില്‍ അതിനുള്ള പിഴകുടിശ്ശിക അടക്കാനായി അദാലത്ത് സംഘടിപ്പിക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ സമിതി സര്‍ക്കാരിന് നല്‍കി. 2015ന് ശേഷമുള്ള പിഴയടപ്പിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ സമിതിയുടെ നിര്‍ദേശം മുഖവിലക്കെടുക്കാതെ വ്യവസായ വകുപ്പ് വ്യക്തതയില്ലാത്ത ഉത്തരവ് പുറത്തിറക്കിയെന്നാണ് പരാതി. നാല്‍പ്പത് വര്‍ഷം മുമ്പു വരെയുള്ള പിഴ ഈടാക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്.