കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ പിജെ വിന്‍സെന്റ് അവധിയില്‍ പോകും. പഴയ ചോദ്യപേപ്പര്‍ ഉപയോഗിച്ച് സര്‍വകലാശാലയില്‍ പരീക്ഷ നടത്തിയത് വിവാദമായിരുന്നു. പിന്നാലെ പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. വെള്ളിയാഴ്ച മുതലാണ് അവധിക്ക് അപേക്ഷ നല്‍കിയത്. ചോദ്യ പേപ്പര്‍ ആവര്‍ത്തിച്ച സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ചോദ്യപ്പേപ്പര്‍ ആവര്‍ത്തിച്ച സംഭവത്തിലെ വീഴ്ചയെ സംബന്ധിച്ച് പഠിക്കാന്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചതായി സര്‍വ്വകലാശാല അറിയിച്ചിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയില്‍ ബിരുദ പരീക്ഷയിലായിരുന്നു ചോദ്യ പേപ്പര്‍ ആവര്‍ത്തനം വീണ്ടും കണ്ടെത്തിയത്. ഏപ്രില്‍ 21 ന് നടന്ന മൂന്നാം സെമസ്റ്റര്‍ ബോട്ടണി പരീക്ഷയുടെ ചോദ്യ പേപ്പറും മുന്‍ വര്‍ഷത്തെ ചോദ്യങ്ങളുടെ ആവര്‍ത്തനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആള്‍ഗേ ആന്റ് ബ്രയോഫൈറ്റ്സ് ചോദ്യ പേപ്പറാണ് ആവര്‍ത്തിച്ചത്. 2020 ല്‍ നടത്തിയ പരീക്ഷയുടെ 95 ശതമാനം ചോദ്യങ്ങളും ഈ വര്‍ഷവും ചോദിച്ചിട്ടുണ്ട്.
മൂന്നാം സെമസ്റ്റര്‍ സൈക്കോളജിയുടെ രണ്ട് പരീക്ഷകളിലും സമാനമായ വീഴ്ച കണ്ടെത്തിയിരുന്നു. 2020ലെ ചോദ്യപേപ്പറിന്റെ ആവര്‍ത്തനമാണ് സൈക്കോളജി പരീക്ഷയിലും ഉണ്ടായത്. സംഭവത്തിലെ വീഴ്ച സമ്മതിച്ച സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ രണ്ട് പരീക്ഷകളും റദ്ദാക്കിയതായി അറിയിക്കുകയും ചെയ്തിരുന്നു.
കണ്ണൂര്‍ സര്‍വകലാശാലയില്‍ കഴിഞ്ഞ വര്‍ഷത്തെ ചോദ്യപേപ്പര്‍ ഈ വര്‍ഷവും ആവര്‍ത്തിച്ചത് വിവാദമായിരിക്കെയാണ് കേരള സര്‍വകലാശാലയില്‍ ഉത്തരസൂചിക നല്‍കി പരീക്ഷ എഴുതിച്ചത് പുറത്തുവന്നിരുന്നു. ഫെബ്രുവരിയില്‍ നടന്ന നാലാം സെമസ്റ്റര്‍ ബിഎസ്സി ഇലക്‌ട്രോണിക്സ് വിദ്യാര്‍ഥികള്‍ക്കാണ് ചോദ്യ പേപ്പറിന് പകരം ഉത്തര സൂചിക ലഭിച്ചത്.
പരീക്ഷയില്‍ ഉത്തരങ്ങള്‍ ലഭിച്ചതോടെ പകര്‍ത്തി എഴുതി വിദ്യാര്‍ഥികള്‍ മടങ്ങുകയും ചെയ്തു. പരീക്ഷ കണ്‍ട്രോളറുടെ ഓഫീസില്‍ സംഭവിച്ച വീഴ്ചയാണെന്നാണ് വിവരം. ചോദ്യം പേപ്പറിനൊപ്പം ചോദ്യം തയ്യാറാക്കുന്ന അധ്യാപകന്‍ ഉത്തരസൂചികയും സര്‍വകലാശാലയ്ക്ക് അയച്ചുകൊടുക്കും. എന്നാല്‍ പരീക്ഷ കണ്‍ട്രോളറുടെ ഓഫീസില്‍ നിന്ന് ചോദ്യപേപ്പറിന് പകരം ഉത്തരസൂചികയാണ് പ്രിന്റ് നല്‍കിയത്.