കൊല്ലം: മദ്യപിച്ചശേഷം കുപ്പികൾ റോഡുവശത്ത് പൊട്ടിച്ചിട്ടത് ചോദ്യംചെയ്ത യുവാവിന് അയൽവാസിയുടെ കുത്തേറ്റു. ചാത്തിനാംകുളം സൈമ മൻസിലിൽ അമർ സൽമാനെയാണ് (32) അയൽവാസികളും കൂട്ടാളികളും ചേർന്ന് ആക്രമിച്ചത്. ശ്വാസകോശത്തിനു മുറിവേറ്റ അമർ ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചന്ദനത്തോപ്പ് മാമൂട് ജങ്ഷനുസമീപം കഴിഞ്ഞദിവസം രാത്രി ഏഴിനായിരുന്നു ആക്രമണം. അയൽവാസികളും സഹോദരങ്ങളുമായ കരിക്കോട് സാരഥി നഗർ, സനൽ നിവാസിൽ സനൽ, സജിത്ത് എന്നിവരും ഇവരുടെ രണ്ട് കൂട്ടാളികളും ചേർന്നാണ് ആക്രമണം നടത്തിയത്. സജിത്തിനെ (34) കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: മാമൂട് തോട്ടുങ്കരയിൽ വാടകയ്ക്കു താമസിക്കുന്നവർ തമ്മിലുണ്ടായ വാക്കേറ്റമാണ് ആക്രമണത്തിൽ കലാശിച്ചത്. അമർ സൽമാൻ താമസിക്കുന്ന വീടിന്റെ എതിർവശത്താണ് സജിത്തും സനലും താമസിക്കുന്നത്. ഇരുവരും കുട്ടുകാർക്കൊപ്പം മദ്യപിച്ചശേഷം വൈകീട്ട് നാലോടെ കുപ്പികൾ പൊട്ടിച്ച് റോഡുവശത്ത് ഉപേക്ഷിച്ചു. അമർ സൽമാൻ ഇത് ചോദ്യം ചെയ്തു. വാക്കേറ്റമുണ്ടായെങ്കിലും നാട്ടുകാർ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.