കൊച്ചി : സിറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണം നടപ്പാക്കുന്നതില്‍ ആര്‍ക്കും ഇളവ് നല്‍കാന്‍ കഴിയില്ലെന്ന് വത്തിക്കാന്‍ . കുര്‍ബാന ഏകീകരണം സംബന്ധിച്ച സിനഡ് തീരുമാനം നടപ്പാക്കേണ്ടതില്ലെന്ന ഉത്തരവ് തിരുത്താന്‍ എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ആന്റണി കരിയിലിനും പൗരസ്ത്യ തിരുസംഘം നിര്‍ദ്ദേശം നല്‍കി. കുര്‍ബാന ഏകീകരണം നടപ്പാക്കുന്നതില്‍ നിന്ന് ഇടവകകളെ പിന്‍തിരിപ്പിക്കരുതെന്ന് നിര്‍ദ്ദേശമുണ്ടെന്നും സഭാ നേതൃത്വം വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് മേജര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കും പൗരസ്ത്യ തിരുസംഘം കര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്ദ്രി കത്തയച്ചു. സഭ കാര്യങ്ങള്‍ തീരുമാനിക്കുന്ന ഉന്നത സമിതിയാണ് പൗരസ്ത്യ തിരുസംഘം. അള്‍ത്താര അഭിമുഖ കുര്‍ബ്ബാന അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളം അങ്കമാലി അതിരൂപത വത്തിക്കാന് പരാതി നല്‍കിയിരുന്നു.
1999 ല്‍ സിറോ മലബാര്‍ സഭയിലെ ആരാധനാക്രമം പരിഷ്‌കരിക്കാന്‍ സിനഡ് ശുപാര്‍ശ ചെയ്തത്. അതിന് വത്തിക്കാന്‍ അനുമതി നല്‍കിയത് ഈ വര്‍ഷം ജൂലൈയിലാണ്. കുര്‍ബാന അര്‍പ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുര്‍ബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിര്‍വഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവില്‍ ചങ്ങനാശ്ശേരി അതിരൂപതയിലുളളത് ഏകീകരിച്ച രീതി തന്നെയാണ്. എന്നാല്‍ എറണാകുളം അങ്കമാലി അതിരൂപത, തൃശ്ശൂര്‍, തലശ്ശേരി അതിരൂപതകളില്‍ ജനാഭിമുഖ കുര്‍ബനയാണ് നിലനില്‍ക്കുന്നത്. കുര്‍ബാനയുടെ പാഠം എല്ലാവരും അംഗീകരിച്ചെങ്കിലും അത് അര്‍പ്പിക്കുന്ന രീതിയിലാണ് തര്‍ക്കം.