തൃശ്ശൂര്‍: സൈബര്‍ ബുള്ളിയിങിനെതിരെ മന്ത്രി ആര്‍ ബിന്ദു. പ്രവീണ്‍ നാഥിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്. ട്രാന്‍സ് വിഭാഗങ്ങളോട് നമ്മുടെ സമൂഹം പുലര്‍ത്തി വരുന്ന അവമതിപ്പാണ് ഇവിടെയും തെളിഞ്ഞു കണ്ടതെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. പ്രവീണ്‍ നാഥിന്റേത് രക്തസാക്ഷിത്വമാണ്. സമൂഹമാധ്യമങ്ങളിലൂടെയുള്ള സൈബര്‍ ആക്രമണങ്ങളും മാനഹത്യാ വാര്‍ത്തകളുമാണ് ട്രാന്‍സ്മാന്‍ പ്രവീണ്‍നാഥിന്റെ ജീവനൊടുക്കലില്‍ എത്തിച്ചത്.
സമാനമായ സൈബര്‍ അധിക്ഷേപങ്ങളില്‍ മനസ് ചത്ത് ജീവിതം അവസാനിപ്പിച്ചവര്‍ വേറെയും എത്രയോ പേരുണ്ട്. ഇനിയും ഇത്തരമൊരു ദുരന്ത വാര്‍ത്തയ്ക്ക് അരങ്ങൊരുക്കാന്‍ ചോരക്കൊതിപൂണ്ട് നില്‍ക്കരുതെന്നും മന്ത്രി ഓര്‍മിപ്പിച്ചു. ഒരു തെരുവിലോ പൊതുസ്ഥലത്തോ സമയവും സ്ഥലവും ഒന്നും നോട്ടമില്ലാതെ അപഹസിക്കപ്പെടുകയും കയ്യേറ്റം വരെ നേരിടുകയും ചെയ്യുന്നവരാണ് ട്രാന്‍സ് സമൂഹം. അവര്‍ക്കു താങ്ങാവാന്‍ നിരവധി പദ്ധതികള്‍ നടപ്പാക്കി വരുമ്പോഴും അവ ഇനിയും വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന നിലക്കാണ് സാമൂഹ്യനീതി വകുപ്പ് മുന്നോട്ടുപോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.