പത്തനംതിട്ട : സംസ്ഥാന പോലീസ് മേധാവി നല്‍കുന്ന ഉന്നത ബഹുമതി നേടി ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍. ജോസ്. ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എന്ന നിലയിലുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവി നല്‍കുന്ന ഉന്നത ബഹുമതിയായ കമന്റേഷനാണ് ആര്‍.ജോസ് അര്‍ഹനായത്.
സംസ്ഥാനത്ത് ഈ നേട്ടം സ്വന്തമാക്കുന്ന ഏക സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയാണ്. സംസ്ഥാന പോലീസ് ചരിത്രത്തില്‍ ആദ്യമായി രാഷ്ട്രപതിയുടെ മെഡല്‍, കേസ് അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ബഹുമതി എന്നീ അപൂര്‍വ ഇരട്ട പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ നയിക്കുന്ന ജില്ലാപോലീസിന്റെ മികവിന് ഇത് മറ്റൊരു പൊന്‍തൂവലായി.
2019 ഫെബ്രുവരി മുതല്‍ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയായി ചുമതല വഹിച്ചുവരുന്ന ആര്‍.ജോസ് തിരുവനന്തപുരം സ്വദേശിയും പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരനുമാണ്. ഈ സ്ഥാനത്തിരുന്നുകൊണ്ട് കാട്ടിയ മികച്ച പ്രൊഫസഷണലിസവും കഠിനാധ്വാനവും അര്‍പ്പണമനോഭാവവും പരിഗണിച്ചാണ് ഡിജിപി ബഹുമതി നല്‍കിയിരിക്കുന്നത്. പുരസ്‌കാരം ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണില്‍ നിന്നും ഏറ്റുവാങ്ങി.
രഹസ്യവിവരശേഖരണവുമായി ബന്ധപ്പെട്ട് തയാറാക്കി സമര്‍പ്പിച്ച നിരവധി റിപ്പോര്‍ട്ടുകളും രഹസ്യമായി നടത്തി വിജയത്തിലെത്തിയ ചില ഓപ്പറേഷനുകളും മോക് ഡ്രില്ലുകളും ഈ അപൂര്‍വ ബഹുമതിക്ക് അര്‍ഹനാക്കുകയായിരുന്നു. കൂടാതെ പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ ഏറ്റവും വേഗത്തില്‍ നടത്തുന്നതില്‍ സംസ്ഥാനത്ത് രണ്ടാമത് എത്തി എന്ന നേട്ടവും ജില്ലയ്ക്ക് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായകമായതു ഇദ്ദേഹത്തിന്റ പ്രവര്‍ത്തനമാണ്. ഈ കാലഘട്ടത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്ത് മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ ബ്രാഞ്ച് യൂണിറ്റാക്കി പരിവര്‍ത്തിക്കുന്നതില്‍ വിജയിച്ചു എന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് അപൂര്‍വ ബഹുമതി.
സംസ്ഥാനത്തെ മുഴുവനും, ജില്ലയെ പ്രത്യേകിച്ചും ബാധിക്കുന്ന അതീവ പ്രാധാന്യമുള്ള വിവിധ വിഷയങ്ങളില്‍ ശേഖരിച്ചു സമര്‍പ്പിക്കപ്പെട്ട രഹസ്യവിവരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പരിഗണിക്കപ്പെട്ടതായി കമന്റേഷന്‍ സമ്മാനിച്ചുകൊണ്ട് ജില്ലാപോലീസ് മേധാവി പറഞ്ഞു. ഇതുവഴി ജില്ലയ്ക്ക് അനുപമനേട്ടം നല്‍കിയതിന് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയെ പ്രത്യേകം അഭിനന്ദിക്കുന്നതായും ജില്ലാപോലീസ് മേധാവി പറഞ്ഞു.