കോന്നി : ജില്ലയിലെ തോട്ടം തൊഴിലാളികൾക്ക് വേണ്ടി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്ത നേതാവായിരുന്നു ആർ രവീന്ദ്രൻ എന്ന് സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ പറഞ്ഞു. ആർ രവീന്ദ്രൻ നാല്പത്തിമൂന്നാമത് അനുസ്മരണം കോന്നിയിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയുടെ ജില്ലയിലെ എല്ലാമെല്ലാമായിരുന്നു അന്തരിച്ച നേതാവ് ആർ രവീന്ദ്രൻ. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ജില്ലയിൽ കെട്ടിപ്പടുക്കാനും തോട്ടം മുതലാളിമാർ തൊഴിലാളികൾക്ക് നേരെ നടത്തി വന്ന ചൂഷണം അവസാനിപ്പിക്കുവാനും അദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. ഇതിന്റെ ഭാഗമായാണ് കിഴക്കൻ മലയോര ചിറ്റാർ, സീതത്തോട് മേഖലയിൽ നിന്ന് അടക്കം തൊഴിലാളികൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് കടന്ന് വന്നത്.
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് തീരാ നഷ്‍ടമാണ് അദ്ദേഹത്തിന്റെ വിയോഗം എന്നും അദ്ദേഹം വ്യക്തമാക്കി. സി പി ഐ കോന്നി ലോക്കൽ സെക്രട്ടറി വിനീത് കോന്നി അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം പി മണിയമ്മ, സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി എ ദീപകുമാർ, ജില്ലാ കൗൺസിൽ അംഗങ്ങളായ കെ രാജേഷ്, വിജയ വിൽസൺ, സി പി ഐ കോന്നി മണ്ഡലം കമ്മറ്റി അംഗം പി സി ശ്രീകുമാർ, ഡോ എം രാജൻ, രാധാകൃഷ്ണൻ നായർ, മോഹൻകുമാർ, ഹരികുമാർ, രാജൻ പി വി, അയൂബ്ഖാൻ, തുഷാര ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.