തിരുവനന്തപുരം : സംസ്ഥാനത്ത് ക്രൈസ്തവ വിശ്വാസം വിട്ട് മതംമാറുന്നവരിൽ അധികവും ദളിതരാകാനുള്ള കാരണം ക്രൈസ്തവ മതത്തിനകത്തെ ജാതിബോധമാണെന്ന് സണ്ണി എം കപിക്കാട്. ദളിതരായിരുന്നവർ വിശ്വാസത്താൽ പ്രചോദിതരായി മതംമാറിയിട്ടും സ്വീകരിക്കപ്പെട്ടില്ലെന്നും ക്രിസ്തുമതത്തിലും ജാതീയമായ വിവേചനം നേരിടുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
സംസ്ഥാനത്ത് ഈ വർഷം ജനുവരി മുതൽ ജൂലൈ വരെ നടന്ന മതംമാറ്റത്തിന്റെ കണക്ക് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ പുറത്തുവിട്ടിരുന്നു. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ നാർകോടിക് ജിഹാദ് പരാമർശത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ഗസറ്റ് രേഖകൾ പരിശോധിച്ച് തയ്യാറാക്കിയതാണ് പട്ടിക. ഇത് പ്രകാരം 211 പേരാണ് ക്രിസ്തുമതം ഉപേക്ഷിച്ചത്. ഇതിൽ തന്നെ 145 പേർ ദളിത് ക്രൈസ്തവരാണ്.
‘ഹിന്ദുമതം ഉപേക്ഷിച്ച് ക്രിസ്തുമതത്തിലേക്ക് പോയിട്ടും ജാതീയമായ വിവേചനം ദളിത് ക്രൈസ്തവർ നേരിടുന്നുണ്ട്’ – എന്ന് സണ്ണി എം കപിക്കാട് ഇതിനോട് പ്രതികരിച്ചു. ‘ഈ വിവേചനത്തിന് കാരണം, സുറിയാനി ക്രിസ്ത്യാനികൾ കേരളത്തിലെ ഒരു ജാതിയാണെന്നതാണ്. അവർ സ്വയം വിചാരിക്കുന്നത് ബ്രാഹ്മണ കുടുംബങ്ങളിൽ നിന്ന് വന്നതാണെന്നാണ്.
മറ്റൊരു കൂട്ടർ വിദേശത്ത് നിന്ന് വന്നതാണ് തങ്ങളെന്ന് വിശ്വസിക്കുന്നവരാണ്. തങ്ങൾ ഇന്ത്യാക്കാരല്ലെന്ന ബോധ്യത്തിലാണ് ഇവർ ജീവിക്കുന്നത്. പറയനും പൊലയനും കൃസ്ത്യാനിയാകുന്നത് അവർക്ക് സഹിക്കാനാവില്ല. യൂറോപ്യൻ മിഷണറിമാരെ പരാജയപ്പെടുത്തിയ ജാതിയാണ് ഇവിടുത്തെ സിറിയൻ കൃസ്ത്യാനികൾ.
ബൈബിളുമായി ഒരു ബന്ധവുമില്ലാത്ത മനുഷ്യരാണ് ഇവർ. ഇവരിൽ നിന്ന് ജാതിവിവേചനം നേരിട്ട് കൃസ്ത്യാനിയായി തുടരുന്നതിൽ അർത്ഥമില്ലെന്ന് കരുതുന്നവരാണ് മതംമാറുന്നതിൽ ഒരു വിഭാഗം,’- അദ്ദേഹം പറഞ്ഞു.
‘കൃസ്ത്യാനിയാകുന്നത് വഴി അവർക്ക് ഭരണഘടനാ നഷ്ടമുണ്ടാകുന്നുണ്ട്. അയിത്തജാതി സമൂഹങ്ങൾക്ക് ഭരണഘടന കൊടുത്ത സുരക്ഷിതത്വമാണ് സംവരണം. അത് കൃസ്ത്യാനിയാകുമ്പോൾ നഷ്ടപ്പെടുന്നു. ദളിത് ക്രൈസ്തവർക്ക് എന്തെങ്കിലും സംരക്ഷണം കൊടുത്ത് അവർ കൃസ്ത്യാനിയായി തന്നെ തുടരട്ടെ എന്നല്ല ഞാൻ പറയുന്നത്.
ക്രിസ്തുമതം സ്വീകരിച്ചത് കൊണ്ട് ആഗ്രഹിച്ച പുരോഗതി അവർക്ക് കിട്ടിയില്ല. വിശ്വാസത്താൽ പ്രചോദിതമായി പോയിട്ടും സ്വീകരിച്ചില്ല എന്നിടത്താണ് പ്രശ്നം. ദളിത് കൃസ്ത്യാനികളല്ല പ്രശ്നം, സുറിയാനി കൃസ്ത്യാനികളാണ്. അതൊരു ജാതിയാണ്. അത് മനസിലാക്കാതെ ഈ വിഷയം ചർച്ച ചെയ്തിട്ട് കാര്യമില്ല,’- എന്നും അദ്ദേഹം വ്യക്തമാക്കി.
ആകെ 211 ക്രൈസ്തവരാണ് തങ്ങളുടെ വിശ്വാസം ഉപേക്ഷിച്ച് ഈ വർഷം ജനുവരിക്കും ജൂലൈക്കുമിടയിൽ മറ്റ് മതവിശ്വാസങ്ങൾ സ്വീകരിച്ചത്. ഇവരിൽ 45 പേരാണ് മുസ്ലിം മതത്തിലേക്ക് പോയത്. മതംമാറിയവരിൽ 145 പേർ ദളിത് ക്രൈസ്തവരാണ്.
ഹിന്ദുമതത്തിലേക്ക് മാറിയ 166 ക്രൈസ്തവരിൽ 122 പേരും ക്രിസ്ത്യൻ പുലയ, ക്രിസ്ത്യൻ സാംബവ, ക്രിസ്ത്യൻ ചേരമർ സമുദായങ്ങളിൽ നിന്നുള്ളവരാണ്. ഇതിലധികവും കുടുംബത്തോടെ മതംമാറിയവരാണ്. അതേസമയം മുസ്ലിം മതവിശ്വാസത്തിലേക്ക് പോയവരിൽ പകുതിയിലധികം ക്രൈസ്തവരും പുരുഷന്മാരാണെന്നാണ് നിഗമനം.