ന്യൂഡല്‍ഹി : ഇന്ത്യയിലേക്ക് പുറപ്പെട്ട റഫാല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് യുഎഇയിലെ ഫ്രഞ്ച് എയര്‍ ബേസില്‍ എത്തി. അല്‍ ദഫ്റാ എയര്‍ ബേസില്‍ നിന്ന് നാളെയാകും വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പുറപ്പെടുക. ഇന്നലെ ഫ്രാന്‍സിലെ മെറിഗ്നാക് വ്യോമതാവളത്തില്‍ ഇന്ത്യന്‍ അംബാസഡറാണ് അഞ്ച് റഫാല്‍ വിമാനങ്ങളുടെ ആദ്യ ബാച്ച് ഫ്ലാഗ് ഓഫ് ചെയ്തത്.
1990 സുഖോയ് വാങ്ങിത്തുടങ്ങിയതിന് ശേഷം ഇന്ത്യയിലേക്ക് എത്തുന്ന പുതിയ തരം വിദേശ ജെറ്റുകളുടെ ആദ്യ വരവാണിത്. 36 വിമാനങ്ങളുടെ കരാറാണ് ഫ്രാന്‍സുമായുള്ളത്.
ഇന്ത്യയിലേക്കുള്ള സംഘത്തിനൊപ്പം എന്‍ജിനീയറിങ് ക്രൂ അംഗങ്ങളുമുണ്ട്. പതിനേഴാം ഗോള്‍ഡന്‍ ആരോസ് സ്ക്വാഡ്രനിലെ കമാന്‍ഡിംഗ് ഓഫീസര്‍ ഉള്‍പ്പെടെ ഏഴ് ഇന്ത്യന്‍ പൈലറ്റുമാരാണ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ഏഴ് പൈലറ്റുമാരില്‍ ഒരാള്‍ മലയാളിയാണ്. ബുധനാഴ്ച അംബാല വ്യോമത്താവളത്തില്‍ അഞ്ച് വിമാനങ്ങളും എത്തും.
സൗന്ദ്യര്യവും ആക്രമണോത്സുകതയും സമന്വയിക്കുന്ന ഏറ്റവും ആധുനിക സങ്കേതങ്ങളുള്ള യുദ്ധവിമാനങ്ങളാണ് ഇന്ത്യന്‍ സേന സ്വന്തമാക്കുന്നതെന്ന് ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസഡര്‍ ജാവേദ് അഷ്റഫ് പറഞ്ഞു. ഇന്ത്യയിലേക്കു പുറപ്പെടും മുമ്പ് മെറിഗ്നാക് വ്യോമതാവളത്തിലെത്തി വ്യോമസേനാ പൈലറ്റുമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
അതിവേഗത്തില്‍ ചാട്ടുളി പോലെ പായുന്ന ബഹുമുഖശേഷിയുള്ള വിമാനങ്ങളാണ് റഫാല്‍ നിരയിലുള്ളത്. സമയ ബന്ധിതമായി വിമാനങ്ങള്‍ കൈമാറ്റം ചെയ്ത ഡസോ ഏവിയേഷന്‍ അദ്ദേഹം നന്ദിപറഞ്ഞു. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള തന്ത്രപ്രധാന സഹകരണത്തിനുള്ള ശക്തമായ ഉദാഹരണമാണിതെന്നും അംബാസഡര്‍ വ്യക്തമാക്കി.