പത്തനംതിട്ട: കേരളത്തിന്റെ സമ്പദ് വ്യവസ്ഥ പരിതാപകരമായ അവസ്ഥയിലാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. ജില്ലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണാര്‍ഥം നടത്തിയ റോഡ് ഷോയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഒരു കാറില്‍ ഇന്ധനമില്ലെങ്കില്‍ എന്താണ് സംഭവിക്കുക. നമ്മുടെ മുഖ്യമന്ത്രി ഇന്ധനമില്ലാത്ത കാറില്‍ കയറി ഇരിക്കുകയാണ്. സ്വിച്ച് കീ തിരിക്കുകയും ആക്സിലറേറ്റര്‍ ചവിട്ടുകയും ചെയ്യുന്നു. ഒന്നും സംഭവിക്കുന്നില്ല. കാറല്‍ മാര്‍ക്സിന്റെ പുസ്തകം പഠിച്ച് ഈ പ്രശ്നം പരിഹരിക്കാന്‍ അദ്ദേഹം നോക്കുന്നു. ഒരു ഉത്തരവും ആ പുസ്തകത്തില്‍ ഇല്ല. യഥാര്‍ഥ പ്രശ്നം ജനങ്ങളുടെ കൈയില്‍ പണമില്ല എന്നതു തന്നെയാണ്.
യുഡിഎഫിന്റെ മുഖ്യമന്ത്രി വന്ന് സ്വിച്ച് തിരിച്ചാല്‍ ആ കാര്‍ സ്റ്റാര്‍ട്ടാകും. കാരണം ഇന്ധനം നിറച്ചു കൊണ്ടാകും ആ കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നത്. അതിനായി കേരള സമ്പദ് വ്യവസ്ഥയിലേക്ക് പണമെത്തിക്കും. ന്യായ് യോജന പദ്ധതി പ്രകാരം 6000 രൂപ പ്രതിമാസം, 72000 പ്രതിവര്‍ഷമെത്തിക്കും. ഈ പണമായിരിക്കും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക. കേരളത്തില്‍ വര്‍ഷം 72,000 രൂപയെങ്കിലും കിട്ടാത്ത ഒരാള്‍ പോലുമുണ്ടാകില്ല.
ഈ പണം കൈയില്‍ വരുമ്പോള്‍ നിങ്ങള്‍ കടകളില്‍ പോയി അവശ്യ സാധനങ്ങള്‍ വാങ്ങും. അപ്പോള്‍ സാധനങ്ങള്‍ കുടുതലയായി ഉല്‍പാദിപ്പിക്കപ്പെടും. ഉല്‍പാദനം വര്‍ധിക്കുമ്പോള്‍ ഫാക്ടറികളില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങളുണ്ടാകും. നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ക്കും ജോലി കിട്ടും. ന്യായ് പദ്ധതി ഒരു പാട് പഠനങ്ങള്‍ക്ക് ശേഷം ആവിഷ്‌കരിച്ചതാണ്. ജനങ്ങളുടെ കൈയില്‍ പദ്ധതി പണമെത്തിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. സമ്പദ് വ്യവവസ്ഥ പുനര്‍ജനിപ്പിക്കുന്നതിന് എങ്ങനെ ആറായിരം കൊടുക്കാന്‍ കഴിയുമെന്ന് വ്യക്തമായി പഠിച്ചതാണ്.
മോദി സര്‍ക്കാര്‍ ജിഎസ്ടി, നോട്ടു നിരോധനവും കൊണ്ടു വന്നു. ഇന്ധനവില കൂട്ടി. ഞാനതേക്കുറിച്ചൊന്നും പറയുന്നില്ല. കേരളത്തിന്റെ ഭാവിയെ കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നു. രാജ്യത്ത് തൊഴിലില്ലായ്മ കേരളത്തിലാണ് ഏറ്റവും കൂടുതല്‍. കോണ്‍ഗ്രസ് കേരളത്തിന്റെ ഭാവിക്ക് ഒരു പദ്ധതി ചൂണ്ടിക്കാണിക്കുന്നു. ചെറുപ്പക്കാര്‍ക്ക് ആവശ്യമായ പദ്ധതി. പ്രചരണത്തിന് വരുമ്പോള്‍ നിങ്ങള്‍ എല്‍.ഡി.എഫുകാരോട് ചോദിക്കൂ കേരളത്തിന്റെ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാന്‍ നിങ്ങളുടെ പദ്ധതി എന്താണെന്ന്?
ഒരാളെ എങ്ങനെ മര്‍ദിക്കാം, ഭിന്നിപ്പിക്കാം, ആക്ഷേപിക്കാം, അപമാനിക്കാം എന്ന് അവര്‍ക്ക് പറയാന്‍ കഴിയും. അല്ലാതെ കേരളത്തിന് വേണ്ടി എന്തു ചെയ്യുമെന്ന് പറയാന്‍ അവര്‍ക്ക് കഴിയില്ല. കോണ്‍ഗ്രസ് ആരെയും കൊല്ലില്ല, ഭിന്നിപ്പിക്കില്ല, അപമാനിക്കില്ല. അതാണ് കോണ്‍ഗ്രസും ഈ പാര്‍ട്ടിയും തമ്മിലുള്ള വ്യത്യാസം.കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കും. കര്‍ഷകര്‍ക്ക് താങ്ങുവില നല്‍കും. 150 രൂപ ആപ്പിളിന്, 130 രൂപ നെല്ലിനും താങ്ങുവില ഏര്‍പ്പെടുത്തും.
കോണ്‍ഗ്രസ് 55 ശതമാനം ചെറുപ്പക്കാരായ സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്. ശേഷിച്ച 45 ശതമാനം പരിചയ സമ്പന്നരാണ്. ആറന്മുളയിലെ സ്ഥാനാര്‍ത്ഥി ഒരു പരിചയ സമ്പന്നനനും പ്രവര്‍ത്തി കൊണ്ട് ചെറുപ്പവും ഊര്‍ജസ്വലനുമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രസംഗം പരിഭാഷപ്പെടുത്തിക്കൊണ്ടിരുന്ന സ്ഥാനാര്‍ത്ഥി ശിവദാസന്‍ നായര്‍ തന്നെ കുറിച്ച് രാഹുല്‍ പറയുന്ന ഭാഗമെത്തിയപ്പോള്‍ അല്‍പ്പമൊന്നു അന്തിച്ചു. പരിഭാഷ പാളുകയും ചെയ്തു. ചെറു ചിരിയോടെ രാഹുല്‍ അത് തിരുത്തുകയുംചെയ്തു.