ഡല്‍ഹി: കലാപബാധിത മേഖലകള്‍ കോണ്‍ഗ്രസ് എം.പിമാരുടെ സംഘം സന്ദര്‍ശിച്ചു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ബ്രിജ് പുരിയിലാണ് സന്ദര്‍ശനം നടത്തിയത്. കേരളാ എംപിമാരുടെ സംഘം ചാന്ദ് ബാഗ് സന്ദര്‍ശിച്ചു. കലാപം അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ ഇന്ത്യക്ക് അപമാനമായെന്ന് രാഹുല്‍ പറഞ്ഞു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അധീര്‍ രഞ്ജന്‍ ചൗധരി, കെ.സി വേണുഗോപാല്‍, മുകുള്‍ വാസ്‌നിക്, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവര്‍ക്കൊപ്പമെത്തിയ രാഹുല്‍ കലാപത്തിനിരയായവരെ നേരില്‍ കണ്ടു. 12 കേരള എം.പിമാര്‍ അടക്കം 17 കോണ്‍ഗ്രസ് എം.പിമാരാണ് ഭജന്‍പുര മേഖലയില്‍ സന്ദര്‍ശനം നടത്തിയത്. തമിഴ്നാട്, അസം, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു മറ്റ് എംപിമാര്‍. കലാപം ആസൂത്രിതമായിരുന്നുവെന്ന് ബോധ്യപ്പെട്ടതായി എം.പിമാര്‍ പ്രതികരിച്ചു.