ഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരാകും. രാവിലെ പതിനൊന്നിന് ഡല്‍ഹിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിനായി രാഹുല്‍ എത്തും. രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ശക്തി പ്രകടനത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് ഇഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രാജ്യത്തുടനീളമുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധിക്കും. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവരും തലസ്ഥാനത്തെ പ്രതിഷേധത്തിന് എത്തിയേക്കും. എഐസിസി ആസ്ഥാനത്ത് നിന്ന് പ്രതിഷേധ മാര്‍ച്ചോടെ നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഡ്യം അറിയിച്ച് ഇഡി ഓഫീസിലേക്ക് നീങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്.