ന്യൂഡല്‍ഹി : ബോളിവുഡ് താരങ്ങളുടെയും സംവിധായകരുടെയും വീടുകളിലും ഓഫീസുകളിലും നടക്കുന്ന ആദായനികുതി വകുപ്പ് റെയ്ഡിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകരെ പിന്തുണയ്ക്കുന്നവര്‍ക്ക് നേരെയാണ് ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ റെയ്ഡ് നടത്തുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ആദായ നികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ്, സിബിഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ബിജെപി സര്‍ക്കാര്‍ ദുരുപയോഗിക്കുകയാണ്. മാധ്യമങ്ങള്‍ ഇതിനെതിരേ മൗനം പാലിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ദീപിക പദുകോണുമായി ബന്ധമുള്ള ക്വാന്‍ ടാലന്റ് കമ്പനിയില്‍ ബുധനാഴ്ച മുതല്‍ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. അനുരാഗ് കശ്യപും മറ്റും ചേര്‍ന്ന് തുടങ്ങിയ ഫിലിംസ് കമ്പനി വലിയതോതില്‍ നികുതി വെട്ടിച്ചുവെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. അനുരാഗ് കശ്യപും തപ്‌സി പനുവും സമര്‍പ്പിച്ച ആദായനികുതി റിട്ടേണിന്റെ അടിസ്ഥാനത്തില്‍ ഐ.ടി ഉദ്യോഗസ്ഥര്‍ ഇവരെ വീണ്ടും ചോദ്യം ചെയ്‌തേക്കും.