ഡല്‍ഹി: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ഹൈക്കമാന്റ്. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്വയം രാജിവെച്ചൊഴിയാന്‍ തയ്യാറാകാതിരുന്ന മുല്ലപ്പള്ളിയെ വിളിച്ച് പദവി ഒഴിയേണ്ടിവരുമെന്ന് ഹൈക്കമാന്റ് സൂചന നല്‍കി. ഇതോടെ രണ്ട് ദിവസത്തിനകം മുല്ലപ്പള്ളിക്ക് പദവി ഒഴിയേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ മുല്ലപ്പള്ളിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് കോണ്‍ഗ്രസില്‍ ഉയരുന്നത്. പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ‘വാച്ച് ഡോഗ്’ ആകുമെന്നു പറഞ്ഞുനടന്ന മുല്ലപ്പള്ളി ഇപ്പോള്‍ വേറെ ഡോഗിന്റെ അവസ്ഥയിലാണെന്നാണ് കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ വ്യാപക വിമര്‍ശനം ഉയരുന്നത്.
ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുതല്‍ പാര്‍ട്ടിയിലെ സാധാരണ നേതാക്കള്‍ വരെ ഫോണ്‍ വിളിച്ചാല്‍ എടുക്കാന്‍പോലും സന്മനസ് കാണിക്കാത്ത ഒരു കെപിസിസി പ്രസിഡന്‍റിനെയുമായി 22 സീറ്റ് നേടാനായത് ഭാഗ്യമാണെന്നാണ് ഒരു മുതിര്‍ന്ന നേതാവ് ഇന്ന് ഹൈക്കമാന്റിനെ അറിയിച്ചതത്രെ.
തെരഞ്ഞെടുപ്പിന് മുമ്പുതന്നെ മുല്ലപ്പള്ളിയെ മാറ്റണമെന്ന ആവശ്യം ഉയര്‍ന്നപ്പോഴും ഹൈക്കമാന്റ് അതിനു തയ്യാറായിരുന്നില്ല. തെരഞ്ഞെടുപ്പ് കഴിയാതെ ഇനി പാര്‍ട്ടിയില്‍ ഒരു അഴിച്ചുപണിക്ക് സാധ്യതയില്ലെന്നായിരുന്നു അന്ന് ഹൈക്കമാന്റ് നിലപാട്. അങ്ങനെയെങ്കില്‍ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഇറക്കിവിട്ടോളും എന്ന് ചില നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതുമാണ്. അതുപോലെ തന്നെ സംഭവിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
കേരളത്തിലെ പാര്‍ട്ടിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ദയനീയ ‘പെര്‍ഫോമന്‍സ് ‘ ആയിരുന്നു ഇത്തവണയും കെപിസിസി അധ്യക്ഷനില്‍ നിന്നുണ്ടായതെന്ന വിമര്‍ശനമാണ് ഉയരുന്നത്. പ്രചരണ രംഗത്ത് കെപിസിസി അധ്യക്ഷന്റെ സാന്നിധ്യമില്ലായിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ പാര്‍ട്ടിയുടെ അധ്യക്ഷന്‍ ഒരു ദിവസം സംബന്ധിച്ചിരുന്നത് മൂന്നോ നാലോ പ്രചരണ പരിപാടികളിലായിരുന്നത്രെ. സ്ഥാനാര്‍ഥികളോ നേതാക്കളോ വിളിച്ചാല്‍ പ്രസിഡന്‍റിനെ ഫോണില്‍ ലഭ്യമല്ലായിരുന്നു. ഓഫീസില്‍ വിളിച്ചാല്‍ വടകരയിലാണെന്നായിരിക്കും മറുപടി. വടകര വിളിച്ചാല്‍ വയനാട്ടിലാണെന്നു പറയും. ഇതായിരുന്നു സ്ഥിതി.
സ്ഥാനാര്‍ഥികള്‍ക്കുള്ള പാര്‍ട്ടി ഫണ്ട് കെപിസിസിയില്‍ എത്തിയിട്ടും ഇത് മണ്ഡലങ്ങളിലേയ്ക്ക് എത്തിക്കുന്നതില്‍ ഗുരുതരമായ കാലതാമസം ഉണ്ടായെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എത്തിച്ച പണം പൂര്‍ണമായും സ്ഥാനാര്‍ഥികളുടെ പക്കലെത്തിയില്ലെന്ന പരാതികള്‍ നിരവധിയാണ്.
മുല്ലപ്പള്ളി സാമ്പത്തിക തിരിമറി നടത്തില്ലെന്ന് എതിരാളികള്‍ പോലും അംഗീകരിക്കും. പക്ഷേ വിശ്വസ്തരായ ആളുകള്‍ വഴി പണം എത്തിക്കാന്‍ കഴിഞ്ഞില്ല. അതോടെ ഉപജാപ സംഘത്തിലെ വിരുതന്മാര്‍ അത് വിഴുങ്ങി. പ്രചരണ രംഗത്ത് മുല്ലപ്പള്ളിക്ക് പരിപാടികള്‍ ഉണ്ടായിരുന്നില്ലെന്നതു മാത്രമല്ല മുല്ലപ്പള്ളിയെ ആര്‍ക്കും വേണ്ടെന്നതും മറ്റൊരു ശ്രദ്ധേയമായ വസ്തുതയായിരുന്നു. അങ്ങനെ ആര്‍ക്കും വേണ്ടാത്ത ഒരു പ്രസിഡന്‍റിനെയുമായാണ് ഇത്തവണ കോണ്‍ഗ്രസ് ഇലക്ഷനെ നേരിട്ടത്. എന്തായാലും സംസ്ഥാനത്ത് രാപകല്‍ വിയര്‍പ്പൊഴുക്കിയ രാഹുല്‍ ഗാന്ധി കേരളത്തിലെ അവസ്ഥയില്‍ ഏറെ കുപിതനാണ്.