കല്‍പ്പറ്റ : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് സ്വന്തം മണ്ഡലമായ വയനാട്ടിലെത്തും. രാവിലെ 8.30 ന് കരിപ്പൂരില്‍ വിമാനമിറങ്ങുന്ന രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും വിമാനത്താവളത്തിലെത്തും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടാകും.
മലപ്പുറം കാളികാവില്‍ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്താണ് രാഹുല്‍ കേരളത്തിലെ പരിപാടികള്‍ക്ക് തുടക്കമിടുക. ഉച്ചക്ക് ശേഷം തിരുവമ്പാടിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മര്‍കസ് നോളജ് സിറ്റിയില്‍ സ്‌കൂളിന് തറക്കല്ലിടും. പിന്നീട് കടവ് റിസോര്‍ട്ടില്‍വച്ച് വി.ഡി സതീശനും കെ.സുധാകരനും രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തും. വി.എം സുധീരന്റെ രാജി, നേതൃത്വത്തിനെതിരെ മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രനും സുധീരനും ഉയര്‍ത്തിയ വിമര്‍ശങ്ങള്‍ തുടങ്ങിയവ ചര്‍ച്ചയാവും. കെ.സി വേണുഗോപാലും ചര്‍ച്ചയില്‍ പങ്കെടുക്കും. നാളെ രാവിലെ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക് മടങ്ങും.