ദില്ലി: രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സൂറത്ത് കോടതി വിധിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഗുജറാത്ത് ഹൈക്കോടതിയുടെ വിലയിരുത്തല്‍. സവര്‍ക്കറിനെതിരായ രാഹുലിന്റെ പരാമര്‍ശവും അപ്പീല്‍ തള്ളിക്കൊണ്ടുള്ള വിധി പ്രഖ്യാപിക്കുന്നതിനിടെ കോടതി പരാമര്‍ശിച്ചു. ” ഇപ്പോള്‍ ശിക്ഷ വിധിച്ച കേസിനുശേഷവും രാഹുലിനെതിരെ കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടു. രാഷ്ട്രീയത്തില്‍ സംശുദ്ധി പുലര്‍ത്തണം. കേംബ്രിഡ്ജില്‍ വച്ച് ‘വീര്‍’ സവര്‍ക്കറിനെതിരെ രാഹുല്‍ ഗാന്ധി പരാമര്‍ശങ്ങള്‍ നടത്തി. അതിനെതിരെ ‘വീര്‍’ സവര്‍ക്കറുടെ ചെറുമകന്‍ പൂനെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. രാഹുലിനെ കുറ്റക്കാരനായി ശിക്ഷിച്ചത് അനീതിയല്ല. അത് നീതിയുക്തവും ശരിയായതുമാണ്. സൂറത്ത് കോടതിയുടെ വിധിയില്‍ ഇടപെടേണ്ട സാഹചര്യമില്ല. അതുകൊണ്ടു തന്നെ അപേക്ഷ തള്ളുകയാണ്,” ജഡ്ജി ഹേമന്ത് പ്രച്ഛക് വിധിച്ചു.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയില്‍ കോലാറിലാണ് രാഹുല്‍ ഗാന്ധി കേസിനാസ്പദമായ വിവാദ പരാമര്‍ശം നടത്തിയത്. നീരവ് മോദി, ലളിത് മോദി തുടങ്ങി എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്നത് എന്തുകൊണ്ടാണെന്നായിരുന്നു രാഹുലിന്റെ ചോദ്യം. പരാമര്‍ശം മോദി സമുദായത്തെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയാണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രിമിനല്‍ മാനനഷ്ടക്കേസിലെ പരമാവധി ശിക്ഷയായ രണ്ട് വര്‍ഷത്തെ തടവ് രാഹുല്‍ ഗാന്ധിയ്ക്ക് സൂറത്ത് കോടതി ശിക്ഷിച്ചത്.