ന്യൂഡല്‍ഹി : ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ തെറ്റായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്നാല്‍ ഇന്ത്യന്‍ ഭരണഭരണഘടനാ ചട്ടക്കൂട് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും രാഹുല്‍ വ്യക്തമാക്കി. കോര്‍ണല്‍ സര്‍വകലാശാല പ്രൊഫ. കൗശിക് ബസുവുമായുള്ള സംവാദത്തിനിടെയാണ് രാഹുലിന്റെ പ്രതികരണം. അടിയന്തരാവസ്ഥ തീര്‍ച്ചയായും ഒരു തെറ്റായിരുന്നു. രാജ്യത്തെ ഇന്നത്തെ സാഹചര്യവും അടിയന്തരാവസ്ഥ കാലത്ത് സംഭവിച്ചതും തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ട്. ഒരുഘട്ടത്തിലും രാജ്യത്തെ ഭരണഘടനാ ചട്ടക്കൂട് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ല. എന്നാല്‍ ഇന്ന് ആര്‍.എസ്.എസ് രാജ്യത്തെ എല്ലാ സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങളെയും പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.
1975 മുതല്‍ 77 വരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായിരുന്നുവെന്ന് തന്റെ മുത്തശ്ശിയായ ഇന്ദിരാ ഗന്ധി മനസിലാക്കിയിരുന്നുവെന്നും ഇതില്‍ മാപ്പ് പറഞ്ഞിരുവെന്നും രാഹുല്‍ വിശദീകരിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലും അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ തീരുമാനം തെറ്റായിരുന്നുവെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടിരുന്നു. ബിജെപി തങ്ങളുടെ സ്വന്തക്കാരെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തിരുകികയറ്റുകയാണ്. അധുനിക ജനാധിപത്യ രാജ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഭരണഘടനാ സ്ഥാപനങ്ങളുടെ സന്തുലിതാവസ്ഥയിലാണ്. എന്നാല്‍ ഈ സന്തുലിതാവസ്ഥ ഇന്ത്യയില്‍ അക്രമിക്കപ്പെടുന്നു. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളിലും ആര്‍എസ്എസ് നുഴഞ്ഞുകയറി. അക്രമിക്കപ്പെടാത്ത ഒരു സ്ഥാപനവും രാജ്യത്തില്ല. ഇത് ആസൂത്രിതമായ അക്രമണമാണെന്നും രാഹുല്‍ ആരോപിച്ചു.