ദില്ലി : പഞ്ചാബിൽ വെടിയേറ്റ് മരിച്ച ഗായകൻ സിദ്ദൂ മൂസെവാലയുടെ കുടുംബത്തെ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചു. കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. കഴിഞ്ഞ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു മൂസെവാല. ഇന്നലെ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റും മൂസെവാലയുടെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു.
മൂസെവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ടു പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവെരാണ് പ്രതികൾ. ഇവർക്കായി മൂന്ന് സംസ്ഥാനങ്ങളിൽ തെരച്ചിൽ തുടരുകയാണ്. താൽകാലിക സുരക്ഷ പിൻവലിച്ച് 424 ഇന്ന് മുതൽ പുനസ്ഥാപിക്കുമെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചു. പഞ്ചാബ് സർക്കാർ സുരക്ഷ പിൻവലിച്ചതിന് പിന്നാലെയാണ് മൂസെവാല ആക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
ബിജെപിയുടെ മതഭ്രാന്ത് ആഗോളതലത്തിൽ ഇന്ത്യയെ നാണം കെടുത്തുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി വക്താവ് പ്രവാചക നിന്ദ നടത്തിയെന്ന ആരോപണത്തെ തുടർന്ന് ഇന്ത്യക്കെതിരെ രാജ്യാന്തര തലത്തിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ രൂക്ഷവിമർശനം. ആന്തരികമായി വിഭജിക്കപ്പെട്ടതോടെ ഇന്ത്യ ബാഹ്യമായി ദുർബലമാകുന്നെന്നും ബിജെപിയുടെ നാണംകെട്ട മതാന്ധത നമ്മെ ഒറ്റപ്പെടുത്തുക മാത്രമല്ല ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായക്ക് കോട്ടമാണെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.