കല്‍പ്പറ്റ : രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്ന് യുഡിഎഫ് റാലിയും പ്രതിഷേധയോഗവും നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് പരിസരത്ത് നിന്നും ആയിരക്കണക്കിന് പേരെ അണിനിരത്തി റാലി നടത്താനാണ് തീരുമാനം. തുടര്‍ന്ന് കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധയോഗവും നടത്തും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, എം കെ രാഘവന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് അടക്കമുള്ള കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സംസ്ഥാന നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച നടപടിയെ സംസ്ഥാനത്തും ദില്ലിയിലും വരെ വലിയ പ്രതിഷേധങ്ങൾക്കാണ് കാരണമായത്. കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ ഉൾപ്പടെയുള്ളവർ ആക്രമണത്തിന് എതിരെ രംഗത്ത് വന്നു. ഓഫീസ് ആക്രമണം ഭീരുത്വമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ ഏറ്റവും നീചമായ സ്ഥിതിയെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും പ്രതികരിച്ചു. രാഷ്ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ പ്രതികരണം.
ഇന്നലെ തന്നെ വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ച എസ്എഫ്ഐ നടപടിയെ സിപിഎം തള്ളിയിരുന്നു. രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തേണ്ട ഒരാവശ്യവും ഇല്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജൻ പറഞ്ഞു. എന്താണ് നടന്നതെന്ന് അറിയില്ലെന്നും ഇക്കാര്യം പരിശോധിച്ചു പറയാമെന്നും ഇപി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇഡിയെ ഉപയോഗിച്ച് രാഹുൽ ഗാന്ധിയെ വേട്ടയാടി കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഇതിനെതിരെ ദില്ലിയിലും മറ്റും വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്.
രാഹുൽ ഒരു എംപി മാത്രമാണെന്നും ഇ പി ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് കണ്‍വീനറായ ഇപി ജയരാജനും മാര്‍ച്ചിനേയും അക്രമത്തേയും തള്ളിപ്പറഞ്ഞതോടെ വിഷയത്തിൽ എസ്എഫ്ഐ ഒറ്റപ്പെട്ട അവസ്ഥയിലായി. അക്രമത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച സിപിഎം വയനാട് ജില്ലാ സെക്രട്ടറി ഗഗാറിനും എസ്എഫ്ഐയെ ന്യായീകരിക്കാതെയുള്ള പ്രതികരണമാണ് നടത്തിയത്. എസ്എഫ്ഐ മാര്‍ച്ചിനെക്കുറിച്ച് പോലീസിന് അറിവുണ്ടായിരുന്നുവെങ്കിലും ഇങ്ങനെയൊരു അക്രമത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് ആരും കരുതിയില്ല.
അക്രമത്തിന് സാധ്യതയുണ്ടെന്ന തരത്തിൽ ഇൻ്റലിജൻസ് റിപ്പോര്‍ട്ടുകളൊന്നുമുണ്ടായിരുന്നില്ല. ആക്രമണത്തിന് പിന്നാലെ പിണറായി വിജയനെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാക്കൾ പ്രതികരിക്കാൻ തുടങ്ങിയതോടെ എസ്എഫ്ഐ വെട്ടിലായ സ്ഥിതിയാണ്. വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരവും തുടർന്നുണ്ടായ ആക്രമണവും അംഗീകരിക്കാനാവില്ലെന്നും തള്ളിപ്പറയുന്നുവെന്നും എസ്എഫ്ഐ സംസ്ഥാന നേതൃത്വം ഇന്നലെ വ്യക്തമാക്കി. സംരക്ഷിത വനമേഖലയുടെ ബഫർ സോണിനെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിഷയം ഏറ്റെടുത്ത് സമരം സംഘടിപ്പിക്കാൻ എസ്എഫ്ഐയുടെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ല.