കൊച്ചി : എറണാകുളം വാളകത്ത് നാട്ടുകാരെ അക്രമിച്ച തെരുവുനായക്ക് പേ വിഷബാധയെന്ന് റിപ്പോര്‍ട്ട്. ചത്ത നിലയില്‍ കണ്ട നായയെ വാളകം ഗ്രാമപഞ്ചായത്ത്, മണ്ണൂത്തി ലാബിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് പേ വിഷബാധ കണ്ടെത്തിയത്. ഇതോടെ ആരോഗ്യവകുപ്പും മൃഗസംരക്ഷണവകുപ്പും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. വാളകം ഗ്രാമപഞ്ചായത്തിലെ റാക്കാട് കടാതി എന്നിവിടങ്ങളിലെ പത്തിലധികം പേര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇത്ര തന്നെ വളര്‍ത്തുമൃഗങ്ങളും നായയുടെ അക്രമത്തിനിരയായി.
ഭീതി വിതച്ച് അലഞ്ഞുതിരിഞ്ഞ നായയെ ഒടുവില്‍ റാക്കാട് ചത്തനിലയില്‍ കണ്ടെത്തുകയായിരുന്നു. പേ വിഷബാധയുണ്ടോയെന്ന സംശയത്തെ തുടര്‍ന്ന് നാട്ടുകാര്‍ മണ്ണൂത്തി ലാബിലെത്തിച്ച് പരിശോധന നടത്തി. ഇതിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. ഇതോടെ പഞ്ചായത്ത് പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. നായകളുടെ കടിയേറ്റയാളുകളെ ആരോഗ്യവകുപ്പും വളര്‍ത്തുമൃഗങ്ങളെ മൃഗസംരക്ഷണവകുപ്പും നിരീക്ഷിക്കുന്നുണ്ട്. പ്രദേശവാസികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്ന കാര്യം ആരോഗ്യവകുപ്പ് ആലോചിക്കുന്നു. ചത്തുപോയ നായയില്‍ നിന്നും മറ്റുള്ളവയ്ക്ക് പേ വിഷബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായകളെയെല്ലാം പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.