ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ രാംലീല മൈതാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകർ നടത്തിയ ‘ശുദ്ധീകരണക്രിയ’ക്കെതിരേ കോൺഗ്രസ് പ്രചാരണം കടുപ്പിക്കുന്നതിനുപിന്നിൽ അടുത്തവർഷത്തെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പും. ഖാർഗെ വിഷയത്തിൽ രാഹുൽഗാന്ധി നേരിട്ട് പത്രസമ്മേളനം വിളിച്ചത് ദളിത് വിഷയം കോൺഗ്രസ് മുഖ്യ പ്രചാരണായുധമാക്കുന്നതിന്റെ സൂചനയായി. തനിക്ക് പാർട്ടിക്കുള്ളിൽ വേണ്ടത്ര പിന്തുണയുണ്ടായില്ലെന്ന ഖാർഗെയുടെ പരിഭവത്തെ തണുപ്പിക്കുകയെന്ന ലക്ഷ്യവും രാഹുലിനുണ്ടായിരുന്നു.
ഖാർഗെക്കെതിരായ അവഹേളനമാണ് രാഹുൽ പ്രധാനമായും ഉന്നയിച്ചതെങ്കിലും രാജ്യമൊട്ടാകെ ദളിത് വിഭാഗം നേരിടുന്ന പീഡനങ്ങളും അവഹേളനങ്ങളും അദ്ദേഹം നിരത്തി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപുതന്നെ ആരംഭിച്ച ഉത്തർപ്രദേശിലെ ദളിത് വോട്ടുബാങ്കിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റവും ദളിത് നേതാവായ മായാവതിയുടെയും അവരുടെ ബഹുജൻ സമാജ് പാർട്ടിയുടെയും ക്ഷീണവും അനുകൂലമാക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണ് ഇതിലൂടെ. രാഹുലിന്റെ പത്രസമ്മേളനത്തിന് ആമുഖമായി കാര്യങ്ങൾ വിശദീകരിച്ചത് ഉത്തർപ്രദേശിന്റെ എ.ഐ.സി.സി. ചുമതലക്കാരൻ ദളിത് വിഭാഗക്കാരനായ രാജേന്ദ്രപാൽ ഗൗതം ആണ്.
എ.ഐ.സി.സി.യുടെ പട്ടികജാതി ഡിപ്പാർട്ട്‌മെന്റിന്റെ അധ്യക്ഷനായ രാജേന്ദ്രപാൽ ഇക്കഴിഞ്ഞ മേയിൽ ബി.എസ്.പി. അധ്യക്ഷ മായാവതിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചതും മായാവതി ക്ഷണം നിരസിച്ചതും ചർച്ചയായിരുന്നു. യു.പി.യിലെ 21 ശതമാനത്തോളംവരുന്ന ദളിത് വോട്ടുബാങ്കിൽ ഇപ്പോഴും മായാവതിക്കുള്ള സ്വാധീനവും തിരിച്ചുവരവിനുള്ള മായാവതിയുടെ ശ്രമങ്ങളും മനസ്സിലാക്കിയായിരുന്നു രാജേന്ദ്രപാലിന്റെ നീക്കങ്ങളെങ്കിലും അത് വിജയിച്ചില്ല. സമാജ്‌വാദിയുമായി സഖ്യത്തിലാണെങ്കിലും യു.പി.യിലെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാൻ സ്വന്തംനിലയ്ക്ക് ദളിത് വോട്ടുബാങ്കിലേക്ക് കടന്നുകയറുകയാണ് മാർഗമെന്ന് കോൺഗ്രസ് തിരിച്ചറിയുന്നു.
ദളിത് വോട്ടുബാങ്കിൽത്തന്നെ ഏറ്റവും വലിയ വിഭാഗം 54 ശതമാനത്തോളംവരുന്ന ജാടവ് സമുദായമാണ്. ഇവർ കൻഷിറാമിന്റെ കാലംമുതൽ ബി.എസ്.പി.ക്കൊപ്പമാണ്. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇതിലാണ് വിള്ളൽവീണത്. എസ്.പി.-കോൺഗ്രസ് സഖ്യത്തിനുപുറമേ ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ്‌വാദി പാർട്ടിയും ഒരുവിഭാഗം വോട്ടർമാരെ അടർത്തിയെടുത്തു. ആസാദ് സ്വതന്ത്രനായി പടിഞ്ഞാറൻ യു.പി.യിലെ നഗിന മണ്ഡലത്തിൽനിന്ന് ജയിച്ചു. എന്നാൽ, ആസാദ് ബി.ജെ.പി.യുമായി രഹസ്യധാരണയിലാണെന്ന ആക്ഷേപമുയർന്നതോടെ അദ്ദേഹത്തിന്റെ വിശ്വാസ്യത ഇടിഞ്ഞിട്ടുണ്ടെന്ന് കോൺഗ്രസും എസ്.പി.യും കരുതുന്നു. ബിഹാറിലെ പ്രമുഖ കർഷകനേതാവായിരുന്ന ജഗ്ജീവൻ റാമിന്റെ പൈതൃകവും യു.പി.യിൽ സ്വാധീനമുറപ്പിക്കാൻ കോൺഗ്രസ് ആയുധമാക്കുന്നുണ്ട്.


































