ദില്ലി: പാര്‍ലമെന്ററി അംഗത്വത്തില്‍ നിന്നുള്ള അയോഗ്യത നീങ്ങിയതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്ക് ഔദ്യോഗിക വസതിയും തിരികെ ലഭിച്ചു. ഡല്‍ഹിയിലെ തുഗ്ലക്ക് ലെയ്‌നിലെ 12-ാം നമ്പര്‍ വസതി രാഹുലിന് അനുവദിച്ച്,ലോക്‌സഭ ഹൗസ് കമ്മിറ്റി തീരുമാനമായി. അതേസമയം ശനി, ഞായര്‍ ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും.
2005 ഏപ്രില്‍ മുതല്‍ രാഹുല്‍ ഗാന്ധി താമസിച്ചിരുന്ന ഔദ്യോഗിക വസതി ഒഴിയാന്‍ ഏപ്രിലിലാണ് ലോക്‌സഭാ ഹൗസ് കമ്മിറ്റി ആവശ്യപ്പെട്ടത്. മോദി പരാമര്‍ശത്തിന്റെ പേരില്‍ അയോഗ്യനാക്കപ്പെട്ടതോടെയായിരുന്നു, തിരക്കുപിടിച്ചുള്ള നീക്കം. ഒരുമാസത്തെ സമയമാണ് വസതി ഒഴിയാനായി അനുവദിച്ചിരുന്നത്. ഏപ്രില്‍ 22ന് രാഹുല്‍ താമസം മാറി. തുടര്‍ന്ന് സോണിയാ ഗാന്ധിയുടെ 10 ജന്‍പഥിലെ വസതിയിലായിരുന്നു താമസം. വീടുതിരിച്ചുകിട്ടിയതുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് രാജ്യം മുഴുവന്‍ തന്റെ വീടെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.