ന്യൂഡല്‍ഹി: രണ്ടേ രണ്ട് വാക്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ നാണംകെടുത്തി രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. അസമിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇ വി എം) കടത്തിക്കൊണ്ടുവരുന്ന വാര്‍ത്തയും വീഡിയോയും വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുലിന്റെ ട്വീറ്റ്.
ഇലക്ഷന്‍ ‘കമ്മീഷന്‍’ എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. മറ്റൊന്നും രാഹുല്‍ ട്വീറ്റില്‍ എഴുതിയിട്ടില്ല.
അതേസമയം ബോഡോലാന്റ് പീപിള്‍സ് ഫ്രണ്ട് (ബി ജെ എഫ്) മേധാവി ഹഗ്രാമ മൊഹിലരിയെ ജയിലിലേക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയ അസം മന്ത്രിയും ബി ജെ പി നേതാവുമായ ഹിമന്ത ബിശ്വശര്‍മ്മയ്ക്ക് 48 മണിക്കൂര്‍ പ്രചാരണ നിരോധനം ഏര്‍പ്പെടുത്തിയത് പകുതിയായി കുറച്ചതും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. അസം നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ദിവസവും, അവസാന ഘട്ടത്തിന്റെ അവസാന ദിവസമായ ഞായറാഴ്ച ശര്‍മ്മയ്ക്ക് പ്രചാരണം നടത്താന്‍ കഴിയും. ബി ജെ എഫ് എന്ന പാര്‍ട്ടി ബി ജെപിയുടെ സഖ്യകക്ഷിയായിരുന്നുവെങ്കിലും ഇപ്പോള്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് അസം തെരഞ്ഞെടുപ്പില്‍ പോരാടുകയാണ്.