കോഴിക്കോട്: മോദി പരാമര്‍ശ അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരായ ഗുജറാത്ത് ഹൈകോടതി വിധിക്കെതിരെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘ്പരിവാറിന് കഴിയില്ലെന്ന് ഫേസ്ബുക്കില്‍ കുറിച്ചു. വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാഷിസത്തിനും എതിരായ പോരാട്ടം കോണ്‍ഗ്രസ് തുടരുക തന്നെ ചെയ്യും. ഭരണഘടനയിലും നിയമവ്യവസ്ഥയിലും നിയമവാഴ്ചയിലും ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ജനകോടികള്‍ രാഹുലിനൊപ്പമുണ്ട്. നിയമപോരാട്ടം തുടരും. സത്യം ജയിക്കും -സതീശന്‍ പറഞ്ഞു.
അതേസമയം അപകീര്‍ത്തിക്കേസില്‍ രാഹുല്‍ഗാന്ധി കുറ്റക്കാരനെന്ന വിധിയ്ക്ക് സ്റ്റേ ഇല്ല. സെഷന്‍സ് കോടതിയുടെ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു. ശിക്ഷാ ഉത്തരവ് ശരിയും നിയമപരവുമാണെന്ന് വിധി പ്രസ്താവിക്കവെ കോടതി പറഞ്ഞു. ശിക്ഷ സ്റ്റേ ചെയ്യാത്തത് അദ്ദേഹത്തോടുളള അനീതിയാകില്ലെന്നും കോടതി വ്യക്തമാക്കി. ‘ശിക്ഷ സ്റ്റേ ചെയ്യാന്‍ ന്യായമായ കാരണങ്ങളൊന്നുമില്ല. ശിക്ഷ നല്‍കിയ ഉത്തരവ് ശരിയും നിയമപരവുമാണ്. വിചാരണക്കോടതിയുടെ ശിക്ഷാവിധി ശരിയാണ്, പ്രസ്തുത ഉത്തരവില്‍ ഇടപെടേണ്ട ആവശ്യമില്ല. അയോഗ്യത എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല.’ കോടതി പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെ 10 ക്രിമിനല്‍ കേസുകളെങ്കിലും നിലവിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.