കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ കോഴിക്കോട് സന്ദര്‍ശനത്തില്‍ ഗുരുതര സുരക്ഷാ വീഴ്ച. രാഹുല്‍ ഗാന്ധി വന്ന ഹെലികോപ്ടര്‍ ഇറങ്ങിയത് മുന്‍ നിശ്ചയിച്ച സ്ഥലത്ത് നിന്നും ഒന്നരകിലോമീറ്റര്‍ മാറി.
ബീച്ച് ഹെലിപ്പാടിലായിരുന്നു ഹെലികോപ്ടര്‍ ഇറങ്ങാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോപ്റ്റര്‍ ഇറങ്ങിയത് ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലാണ്. തുടര്‍ന്ന് രാഹുല്‍ ഗാന്ധി ഒരു ഓട്ടോയ്ക്ക് കൈ കാണിച്ച് ലക്ഷ്യ സ്ഥാനത്തെത്തുകയായിരുന്നു. വയനാട്ടില്‍ നിന്നും രാഹുല്‍ ഗാന്ധി വന്ന ഹെലികോപ്ടര്‍ രണ്ട് മണിയോടെ കോഴിക്കോട് ബീച്ച് ഹെലിപാടില്‍ ഇറങ്ങുമെന്നായിരുന്നു അറിയിച്ചത്. രാഹുലിന്റെ സുരക്ഷാ അകമ്പടികളെല്ലാം ഇവിടെയായിരുന്നു കാത്തിരുന്നത്.
എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി മലബാര്‍ ക്രിസ്ത്യന്‍ കോളേജിലാണ് ഹെലികോപ്ടര്‍ വന്നിറങ്ങുന്നത്. നടക്കാവ് പോലീസില്‍ നിന്നുള്ള ഒരു സംഘമാണ് അപ്പോള്‍ അവിടെ ഉണ്ടായിരുന്നത്. ഹെലികോപ്ടര്‍ തെറ്റായ സ്ഥലത്താണ് ഇറങ്ങിയതെന്ന് പോലീസിന് വിവരം ലഭിച്ചു. രാഹുല്‍ ഗാന്ധിയെ ലക്ഷ്യസ്ഥാനത്തേക്ക് അയക്കാന്‍ വാഹനം ഏര്‍പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിവിഐപിയെ സുരക്ഷയോടെ കൊണ്ടു പോവേണ്ടതിനാല്‍ പെട്ടെന്ന് വാഹനം ഏര്‍പ്പാടാക്കാനായില്ല.
എന്തുചെയ്യണമെന്നറിയാതെ എല്ലാവരും പരിഭ്രമിച്ചു നില്‍ക്കുന്ന വേളയില്‍ രാഹുല്‍ ഗാന്ധി ഒരു ഓട്ടോറിക്ഷയ്ക്ക് കൈ കാണിച്ച് നിര്‍ത്തുകയും കെ.സി വേണുഗോപാലിനൊപ്പം ഓട്ടോയില്‍ ബീച്ചിലെ ഹെലിപാഡിലേക്ക് പോവുകയുമായിരുന്നു. ഈ സമയം വരെ രാഹുല്‍ ഗാന്ധിയെപ്പറ്റി ഒരു വിവരവും സുരക്ഷയ്ക്കുള്ള എന്‍എസ്ജി സംഘത്തിനു ലഭിച്ചിരുന്നില്ല.